വാളയാർ വിഷയത്തിൽ പ്രക്ഷുബ്ധമായി നിയമസഭ; പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

വാളയാർ വിഷയത്തിൽ നിയമസഭ പ്രക്ഷുബ്ധമായി. വാളയാറിൽ ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

വാളയാര്‍ കേസിലെ അട്ടിമറി സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. പോലീസിന്‍റെ പിടിപ്പ് കേടാണ് കേസ് അട്ടിമറിക്കപ്പെടാൻ കാരണമായതെന്ന് പ്രതിപക്ഷത്ത് നിന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. കേസ് സിബി.ഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം കേസിൽ അട്ടിമറിയില്ലെന്നും ഏത് ഏജൻസി അന്വേഷിക്കണെമന്ന് പരിശോധിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. മരണാന്തരമെങ്കിലും പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

വാളയാര്‍ കേസിൽ സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് അട്ടിമറിച്ചതിന് പിന്നിൽ സിപിഎമ്മിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു

പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നിൽ എത്തി. തുടർന്ന്
രൂക്ഷമായ വാക്കേറ്റമാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉണ്ടായത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിക്കുകയായിരുന്നു.

Valayar CasekeralaAssembly
Comments (0)
Add Comment