ആര്‍ടിപിസിആര്‍ : പഴയ നിരക്ക് തന്നെ ഈടാക്കി സ്വകാര്യലാബുകള്‍ ; ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വാദം

കോട്ടയം : സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടും നിരക്ക് കുറയ്ക്കാതെ സ്വകാര്യലാബുകള്‍. ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ലാബുകാരുടെ പ്രതികരണം. കോട്ടയത്തെ ഡിഡിആര്‍സി ലാബിലാണ് പരിശോധനയ്ക്ക് 1700 രൂപ തന്നെ ഈടാക്കിയത്. അതേസമയം പരിശോധന നിരക്ക് 500 രൂപയായി കുറച്ചെന്ന് ഇന്നലെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പല സംസ്ഥാനങ്ങളും 400 രൂപയ്ക്ക് വരെ പരിശോധന നടത്തുമ്പോള്‍ കേരളത്തില്‍ 1700 രൂപ ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്.  പരിശോധന നിരക്ക് കുറയ്ക്കണമെന്ന് കെപിസിസി അടക്കം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ കെപിസിസിയെ പ്രതിനിധീകരിച്ച് ഡോ.ശൂരനാട് രാജശേഖരനാണ് ഈ ആവശ്യം ഉന്നയിച്ചത്.

ആര്‍ടിപിസിആര്‍ നിരക്കുകൾ 1700 രൂപയിൽ നിന്നും കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക്‌ വേണ്ടി അധ്യക്ഷന്‍ ഷാഫി പറമ്പിലും, ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥനും ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയും നൽകിയിരുന്നു.

കഴിഞ്ഞ വർഷം 2500 രൂപയാണ് സ്വകാര്യ ലാബുകൾ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. സർക്കാർ 1500 രൂപയായി കുറച്ചപ്പോൾ സ്വകാര്യ ലാബുകളുടെ ഹർജിയുടെ വെളിച്ചത്തിൽ കോടതി 1700 രൂപ നിശ്ചയിച്ചു. ഇതിനെതിരെ സർക്കാർ അപ്പീൽ പോകാതെ 1700 രൂപ അംഗീകരിക്കുകയായിരുന്നു. 448 രൂപ മാത്രമാണ് യഥാർത്ഥ ചെലവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ഹർജി ഫയൽ ചെയ്തതിനു പിന്നാലെയാണ് സർക്കാർ നടപടി. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ലാബുകളുമായുള്ള ഒത്തുകളിയാണ് ഇതിലൂടെ പൊളിഞ്ഞത്.

Comments (0)
Add Comment