ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കഞ്ചാവുമായി പിടിയില്‍: രാഖി കണ്ടതോടെ അത് പൊട്ടിക്കാന്‍ മറ്റൊരു സംഘപ്രവര്‍ത്തകന്‍; വീഡിയോ വൈറല്‍

Jaihind Webdesk
Friday, February 1, 2019

ആറ് ലക്ഷത്തിലധികം വില വരുന്ന ആറുകിലോ കഞ്ചാവുമായി പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്ത് നിന്നും പാലക്കാട് വഴി കടത്താന്‍ ശ്രമിക്കവെയാണ് കഞ്ചാവുമായി പിടികൂടിയത്. കോഴിക്കോട്ടെ ആര്‍.എസ്.എസുകാരായ വിഷ്ണു, അലോക്, ജിനോ പോള്‍ എന്നിവരാണ് പിടിയിലായത്. വാളയാര്‍ ടോള്‍ പ്ലാസയില്‍ എക്സൈസ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ വാഹനത്തെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് നാട്ടുകാരുടെ സാഹയത്തോടെയാണ് പിടികൂടിയത്.

ഇതിനിടെ പിടിയിലായ ആര്‍എസ്എസുകാരനോട് കൈയിലെ രാഖിപൊട്ടിക്കാന്‍ മറ്റൊരു ആര്‍.എസ്.എസുകാരന്‍ പറയുന്ന വീഡിയോ വൈറലായി മാറി. നാട്ടുകാര്‍ കൂടി നില്‍ക്കവെയാണ് പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.പി സുമേഷ് കുമാര്‍ അടങ്ങുന്ന സംഘം പ്രതികളെ വിലങ്ങ് വെച്ചത്. എന്നാല്‍ വിലങ്ങിനൊപ്പം ആര്‍.എസു.കാരന്റെ കൈയിലെ രാഖി കണ്ടപ്പോള്‍ ഇത് പൊട്ടിക്കാനാണ് മറ്റൊരു ആര്‍.എസ്.എസുകാരന്‍ നിര്‍ദേശിച്ചത്. ഉടന്‍ തന്നെ പ്രതി രാഖി കൈകൊണ്ട് മറച്ചുപിടിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.