നേതാക്കള്‍ ഗ്രൂപ്പിസത്തിന്‍റെ പിടിയില്‍, തെരഞ്ഞെടുപ്പില്‍ മൊത്തം പാളി; ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ്

Jaihind Webdesk
Sunday, June 20, 2021

കൊച്ചി : സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.എസ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏകോപനം അടക്കം പാളിയെന്നും നേതാക്കള്‍ ഗ്രൂപ്പിസത്തിന്‍റെ പിടിയിലാണെന്നും  കൊച്ചിയില്‍ നടന്ന ബിജെപി-ആര്‍എസ്എസ് നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ ഏകോപനം മൊത്തത്തിൽ പാളിയെന്ന വിലയിരുത്തലാണ് യോഗത്തിലുയർന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ അനാവശ്യവിവാദമുണ്ടാക്കി. ഇതെല്ലാം തോൽവിക്ക് ആക്കം കൂട്ടിയെന്ന് യോഗത്തിൽ വിമർശനമുയർന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിനെതിരെയും യോഗത്തിൽ പരമാര്‍ശമുണ്ടായി. ഓരോ നേതാക്കളുടെയും പ്രവർത്തനം വിലയിരുത്തി വിശദമായ സംഘടനാ ഓഡിറ്റിംഗ് വേണമെന്ന സംഘപരിവാർ സംഘടനകളുടെ ആവശ്യവും യോഗം വിശദമായി ചർച്ച ചെയ്തു. സാമ്പത്തിക കാര്യങ്ങളിലും പരിശോധനാ സംവിധാനം ഉണ്ടായേക്കും. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണമായി പലഘട്ടങ്ങളിലും ഉയര്‍ന്നുവന്നത് നേതാക്കളുടെ വിഭാഗീയതയാണെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമായതോടെ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി ചേര്‍ന്ന് സംഘടനാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി-ആര്‍എസ്എസ് നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നത്.