കോഴിക്കോട് : രാജ്യത്ത് ഭിന്നതയുണ്ടാക്കുന്ന ആര്.എസ്.എസുകാര്‍ ഇവിടം വിട്ടുപോയാല്‍ ഇവിടെ ശാന്തിയും സമാധാനവുമുണ്ടാകുമെന്ന് കെ മുരളീധരന് എം.പി. 130 കോടിയിലേറെ ജനങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് ഒന്നര കോടിയുള്ള ആര്.എസ്.എസുകാർ അന്റാര്‍ട്ടിക്കയിലേക്ക് പോയി അവിടെ ഹിന്ദുരാഷ്ട്രം പണിതാല്‍ മതിയെന്നും കെ മുരളീധരന് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഏകദിന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ അഞ്ച് വർഷം ഭരിക്കാൻ അവകാശം കിട്ടിയെന്ന് കരുതി ഇത് തറവാട്ടുസ്വത്താണോയെന്ന് കെ മുരളീധരന് ചോദിച്ചു. മുസ്ലീങ്ങള്‍ അതിഥികളാണെന്നും ആതിഥേയന്റെ വർത്തമാനം പറയേണ്ടെന്നുമാണ് ആർ.എസ്.എസ് പറയുന്നത്. ഒരു വിഭാഗം ജനതയെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാൾ നല്ലത് നിങ്ങൾ ഇവിടുന്ന് പോകുന്നതാണ്. അന്റാർട്ടിക്കയിലോ മറ്റോ പോയി ഇഷ്ടമുള്ള രാജ്യം ഉണ്ടാക്കാവുന്നതാണ്. ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും ചരിത്രം നരേന്ദ്ര മോദിയും അമിത് ഷായും വായിച്ചു നോക്കുന്നത് നല്ലതാണ്. ഗാന്ധിജിയുടെ ഈ മണ്ണിൽ അവകാശം സ്ഥാപിക്കാൻ വന്നാൽ ജനങ്ങൾ ചെറുത്തു തോൽപിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
സർക്കാർ നിലപാട് ഗവർണറോട് മുഖത്ത് നോക്കി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ മുരളീധരന് വിമർശനം ഉന്നയിച്ചു. ഗവർണറോട് പോലും മറുപടി പറയാന്‍ കഴിയാത്ത മുഖ്യമന്ത്രി എങ്ങിനെയാണ് മോദിയോടും അമിത് ഷായോടും മറുപടി പറയുകയെന്ന് കെ മുരളീധരന് ചോദിച്ചു. അധികം വിലസേണ്ട ഇവിടെ ഞങ്ങളൊക്കെയുണ്ട് എന്ന് പറയാനുള്ള ചങ്കൂറ്റമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും മുരളീധരന് പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും മുരളീധരൻ വിമർശിച്ചു. ഗവർണർ സർ സി.പിയുടെ ചരിത്രം വായിക്കണം. അര മൂക്കുമായി സർ സി.പി നാടുവിട്ട് ഓടിയതാണ് ചരിത്രം. ഗവർണർ റബർ സ്റ്റാമ്പാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.