ആർഎസ്എസ് കൂടിക്കാഴ്ച ദുരൂഹം; എഡിജിപിക്കെതിരെയുള്ള റിപ്പോർട്ട് നിയമസഭയിൽ

 

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ നിയമസഭയുടെ മേശപ്പുറത്ത് വച്ച് സർക്കാർ. എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിലും പി.വി അൻവർ ഉന്നയിച്ച് ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ പുറത്തുവിട്ടത്.

അജിത്കുമാ‍റിന്‍റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് കണ്ടെത്തലുള്ള ഡിജിപിയുടെ റിപ്പോർട്ടാണിത്. സ്വകാര്യ സന്ദർശനമെന്ന എഡിജിപിയുടെ വാദം തള്ളി. കൂടിക്കാഴ്ച സർവീസ് നേട്ടങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിൽ ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. മാമി തിരോധാന കേസിൽ അന്വേഷണ മേൽനോട്ടത്തിൽ അജിത്കുമാറിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിൽ അൻവർ ഉന്നയിച്ച മറ്റ് ആരോപണങ്ങൾ തള്ളിക്കളഞ്ഞു.

സഭാ സമ്മേളനം തീരുന്ന ദിവസം സിപിഎമ്മിന്‍റെ രാഷ്ട്രീയ തീരുമാനമനുസരിച്ചായിരുന്നു റിപ്പോർട്ട് മേശപ്പുറത്ത് വെക്കൽ. എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍റെ സബ് മിഷൻ്റെ മറുപടിയിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് പരസ്യമാക്കിയത്. ദത്താത്രേയ ഹൊസബാളെയും രാം മാധവിനെയും കണ്ടത് സ്വകാര്യ സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായാണെന്നാണ് എഡിജിപിയുടെ വിശദീകരണം. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുംപോലെയാണിതെന്നാണ് നിലപാട്. ഈ വിശദീകരണം തള്ളിയാണ് ഡിജിപിയുടെ റിപ്പോർട്ട്.

ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യവാഹനത്തിൽ പോയത് എന്തിനാണെന്നാണ് റിപ്പോർട്ടിലെ സംശയം. അടച്ചിട്ടമുറിയിലുള്ള ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സാക്ഷികളില്ല. കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സർവ്വീസ് നേട്ടങ്ങൾക്ക് വേണ്ടിയാണ് സന്ദർശനമെന്ന ആരോപണമുണ്ട്. അങ്ങനെയെങ്കിൽ ഗുരുതര ചട്ടലംഘനമാണ് എഡിജിപിയുടെ ഭാഗത്തു നിന്നുണ്ടായത്.

മേശപ്പുറത്ത് വെച്ച രണ്ടാം റിപ്പോർട്ട് അൻവറിന്‍റെ പരാതികളിലെ അന്വേഷണത്തെക്കുറിച്ചുള്ളതാണ്. ഇതിൽ മാമി തിരോധാന കേസിന്‍റെ മേൽനോട്ടത്തിൽ എഡിജിപിക്ക് വീഴ്ചയുണ്ടായിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് നടന്ന സംഭവത്തിൽ അന്വേഷണം മേൽനോട്ടം മലപ്പുറം എസ്പിക്ക് കൈമാറിയത് അനുചിതമായി. പി. ശശിക്കെതിരായ ആരോപണം അന്വേഷണ പരിധിയിൽ വന്നിട്ടില്ല. സാമ്പത്തിക ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അൻവറിന്‍റെ ബാക്കി ആരോപണങ്ങൾ തെളിവുകളിലാതെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ചയിലും മാമി കേസിലും വീഴ്ച കണ്ടെത്തിയിട്ടും അജിത് കുമാറിനെതിരെ എടുത്തത് പേരിനൊരു സ്ഥാനമാറ്റം മാത്രമായിരുന്നു. അതേസമയം, പൂരം കലക്കലിലെ എഡിജിപിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാർത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാരിന് യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിക്കെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ച് ലഭിച്ച പരാതി സംബന്ധിച്ചും ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജി. സ്പർജൻ കുമാർ, തോംസൺ ജോസ്, എ. ഷാനവാസ്, എസ്പി എസ്. മധുസൂദനൻ എന്നിവർ ഉൾപ്പെട്ട ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച രണ്ട് റിപ്പോർട്ടുകളും സംസ്ഥാന പോലീസ് മേധാവി സർക്കാരിൽ സമർപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Comments (0)
Add Comment