ആര്‍.എസ്.എസ് വോട്ടുനേടി വിജയിച്ച സി.പി.എം: വട്ടിയൂര്‍ക്കാവിന്റെ പേരില്‍ സംഘപരിവാറില്‍ അടിതുടങ്ങി

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചു നല്‍കിയ ആര്‍.എസ്.എസ് നേതൃത്വത്തെക്കുറിച്ച് സംഘടനയില്‍ ചര്‍ച്ച. സംഘപരിവാറുമായി മുമ്പ് അടുപ്പമുണ്ടായിരുന്ന ഒരു സി.പി.എം നേതാവിന്റെ സഹായത്തോടെ ഒരുവിഭാഗത്തിന്റെ വോട്ട് ഇടത് സ്ഥാനാര്‍ഥി വി.കെ. പ്രശാന്തിനു കിട്ടിയെന്നാണ് ആര്‍.എസ്.എസിനുള്ളില്‍ നടക്കുന്ന ചര്‍ച്ച. കഴിഞ്ഞ രണ്ടുതവണയും കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാംസ്ഥാനത്തായിരുന്ന ബി.ജെ.പി ഇത്തവണ മൂന്നാംസ്ഥാനത്തായിരുന്നു.

ആര്‍.എസ്.എസും ബി.ജെ.പിയും തങ്ങളുടെ ‘വിജയസാധ്യതാ’ മണ്ഡലമായി കരുതുന്ന വട്ടിയൂര്‍ക്കാവിലെ ഈ അട്ടിമറി സംഘടനാ തലത്തില്‍ ഔദ്യോഗികമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ലെങ്കിലും ചില നേതാക്കളുടെ പ്രത്യേക നീക്കത്തിലൂടെയായിരുന്നു. വട്ടിയൂര്‍ക്കാവില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കാത്തതിലെ അമര്‍ഷവും സാമുദായികസംഘടനകളുടെ നിലപാടുകളോടുള്ള പ്രതിഷേധവുമാണ് ഇടതുസ്ഥാനാര്‍ഥിയെ സഹായിക്കാന്‍ പ്രേരണയായതെന്നാണ് ഈ സംഘപരിവാര്‍ നേതാക്കളുടെ ന്യായീകരണം. സി.പി.എമ്മിന്റെ ചില നേതാക്കളുടെ അറിവോടെയാണിതെല്ലാം നടന്നത്.

തിരുവനന്തപുരത്ത് തദ്ദേശസ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനാണ് വോട്ടുമറിക്കലിന് ഇടനിലക്കാരനായതെന്നു പറയുന്നു. നേരത്തേ സംഘപരിവാര്‍ യുവപ്രചാരകനായിരുന്ന ഇയാള്‍ പിന്നീട് സംഘടന വിടുകയും സി.പി.എമ്മിനോട് അനുഭാവം കാട്ടുകയും ചെയ്തു. ഇങ്ങനെയാണ് താത്കാലികജോലി നേടിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഇടപട്ടിരുന്ന ഇയാള്‍വഴിയാണ് സംഘംനേതാക്കളുടെ വോട്ടുറപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്.

ഇതേക്കുറിച്ച് വട്ടിയൂര്‍ക്കാവ് മുന്‍ എം.എല്‍.എ കെ. മുരളീധരന്‍ എം.പിയുടെയും യു.ഡി.എഫ് നേതൃത്വത്തിന്റെയും ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ആര്‍.എസ്.എസില്‍ നിന്നും പുറത്തുവരുന്നത്.

Comments (0)
Add Comment