മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു; ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന

Jaihind News Bureau
Thursday, November 7, 2019

മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. സഖ്യകക്ഷിയായ ശിവസേനയുമായി തർക്കം തുടരുന്നതിനിടെ സർക്കാർ രൂപീകരണത്തിന് ബിജെപി നീക്കം. ബിജെപി ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കും. അതേസമയം ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിക്കുകയാണ് ശിവസേന.

ആർഎസ്എസ് നിലപാടാണ് ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആർഎസ്എസ് നിർദ്ദേശം. നിതിൻ ഗഡ്കരിയെ മുൻനിർത്തിയുള്ള നീക്കങ്ങളാണ് ബിജെപി പയറ്റുന്നത്. നാളെ കാവൽ സർക്കാരിൻറെ കാലാവധി തീരുന്നതിനാൽ ഇന്ന് തന്നെ ശിവസേനയുമായി ധാരണയിലെത്തനുള്ള ശ്രമത്തിലാണ് ബിജെപി. എന്നാൽ സമവായ ചർച്ചകൾ പോലും നടക്കുന്നില്ലെന്നാണ് ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ചയ് റാവത്ത് ഇന്നലെയും വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സേന. പരസ്യ പ്രസ്താവനകൾ ഇതാണെങ്കിലും ഉപമുഖ്യമന്ത്രി പദവും ധനകാര്യം നഗരവികസനം റവന്യൂ എന്നിങ്ങനെ പ്രധാന വകുപ്പുകളും കിട്ടിയാൽ സഹകരിക്കാമെന്ന് ഒരു വിഭാഗം ആലോചിക്കുന്നുണ്ട്. ഏതായാലും സർക്കാർ രൂപീകരിച്ചാൽ തന്നെയും മുൾമുനയിൽ നിൽക്കുന്നതാവും മഹാരാഷ്ട്രാ ഭരണം.