മോദി സർക്കാരിന്‍റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സംഘപരിവാറിന്‍റെ തൊഴിലാളിപ്രസ്ഥാനമായ ബിഎംഎസ് രംഗത്ത്; രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു

Jaihind News Bureau
Thursday, December 19, 2019

നരേന്ദ്ര മോദി സർക്കാരിന്‍റെ സ്വകാര്യവൽക്കരണത്തിനും ഓഹരി വിറ്റഴിക്കൽ പദ്ധതികൾക്കുമെതിരെ പ്രതിഷേധിച്ച് സഖ്യകക്ഷിയായ ആർ‌എസ്‌എസിന്‍റെ അനുബന്ധ ട്രേഡ് യൂണിയനായ ബി‌എം‌എസ് രംഗത്ത്. ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനും സംഘടന തയ്യാറെടുക്കുന്നു. ഇതിനായി ഡല്‍ഹിയില്‍ ‘സേവ് പബ്ലിക് സെക്ടർ’ എന്ന കൺവെൻഷൻ സംഘടിപ്പിക്കുകയാണെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്‍റ് സി.കെ. സാജി നാരായണൻ പറഞ്ഞു. ഈ വിഷയത്തിൽ യൂണിയൻ ഒരു മെമ്മോറാണ്ടം തയ്യാറാക്കി ധനമന്ത്രി നിർമ്മല സീതാരാമന് അയച്ചുകൊടുക്കും.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), കണ്ടെയ്നർ കോർപ്പ് ഓഫ് ഇന്ത്യ (കോൺകോർ), ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളിൽ തന്ത്രപരമായ ഓഹരി വിൽപ്പന നടത്തുമെന്ന് സീതാരാമൻ പ്രഖ്യാപിക്കുകയും ചുമതല കൈമാറ്റം നടക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി.

ഇതിനിടെ, എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കവുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം മുന്നോട്ടു പോകുകയാണ്. വിൽക്കുക എന്നത് തെരഞ്ഞെടുത്ത ഒരു വഴിയല്ലെന്നും അത് മാത്രമാണ് മുന്നിലുള്ള ഏക മാര്‍ഗ്ഗമെന്നാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ വാദം.

സേവ് നേഷൻ – സേവ് പബ്ലിക് സെക്ടർ എന്ന വിഷയത്തിൽ ഭാരതീയ മസ്ദൂർ സംഘം ഇന്ത്യയിലെ വിവിധ പൊതുമേഖലകളിലെ എല്ലാ ട്രേഡ് യൂണിയൻ അഫിലിയേറ്റഡ് യൂണിയനുകളുടെയും തലവന്മാരുടെ ദേശീയ കൺവെൻഷൻ ഡൽഹിയിലെ മാവാലങ്കർ ഭവൻ, റാഫി മാർഗ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച സംഘടിപ്പിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതലയുള്ള ബിഎംഎസ് നേതാവ് ഡോ. ബി കെ റായിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ പൊതുമേഖലകളുടെയും സംയുക്ത ഫോറം രൂപീകരിക്കാനും തീരുമാനമായി.

വ്യോമയാനമേഖല ഉള്‍പ്പെടെയുള്ളവയുടെ സ്വകാര്യവത്കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് പ്രതിരോധ-റെയില്‍ മേഖലകളിലെ കോര്‍പ്പറേറ്റവല്‍ക്കരണവും തന്ത്രപരമായ വില്‍പ്പനയും, ബാങ്കുകളുടെ ലയനം എന്നീ വിഷയങ്ങളാണ് ബിഎംഎസ് കണ്‍വെന്‍ഷന്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. ബിഎംഎസിന് കീഴിലുള്ള വിവിധ യൂണിയനുകളും ഫെഡറേഷനുകളും മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്.

രാഷ്ട്രത്തിന്‍റെ പൊതുസ്വത്തുക്കളുടെ വില്‍പ്പന എപ്പോഴും ഏറ്റവും അവസാന ആശ്രയമെന്ന നിലയില്‍ മാത്രം സര്‍ക്കാര്‍ കൈക്കൊള്ളേണ്ട തീരുമാനമാണെന്നും കണ്‍വെഷനില്‍ ചര്‍ച്ച ചെയ്യ ചെയ്ത് എടുക്കുന്ന തീരുമാനങ്ങളും, നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും മന്ത്രാലയത്തെ അറിയിക്കുമെന്നും ബിഎംഎസ് അധ്യക്ഷന്‍ സി.കെ. സാജി നാരായണൻ അറിയിച്ചു.

“സ്വകാര്യവത്കരണത്തിനും വിറ്റഴിക്കലിനും ഞങ്ങള്‍ എതിരാണ്. ഞങ്ങളുടെ ശബ്ദം എത്തേണ്ടിടത്ത് എത്തും വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. നയങ്ങളിലെ തിരുത്തലുകള്‍ ആവശ്യമാണെന്നും അതിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കേണ്ടത്”, ബിഎംഎസ് അധ്യക്ഷന്‍ വ്യക്തമാക്കി. നിലവിലെ നയങ്ങളെക്കുറിച്ച് പുനർവിചിന്തനം നടത്താൻ സർക്കാരിനെ പ്രേരിപ്പിക്കാന്‍ കഴിയുമെന്ന് കൂടിയാലോചനകളും ധര്‍ണകളും സംഘടിപ്പിക്കുന്നതിലൂടെ ബിഎംഎസ് ഉറപ്പാക്കിയിട്ടുണ്ട്

പാളയത്തിലെ പട മോദിക്ക് തലവേദനയാകുന്നു

എന്‍ഡിഎയ്ക്കുള്ളില്‍ നിന്ന് തന്നെ എതിര്‍സ്വരമുണ്ടാകുന്നത് മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ആദ്യമായല്ല മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തിനെതിരെ മാതൃസംഘടനയായ ആര്‍.എസ്.എസ്. രംഗത്തെത്തുന്നത്. RCEP കരാറിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് അന്ന് അവര്‍ കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരെ രംഗത്തെത്തിയത്. പിന്നീട് ഇന്ത്യ RCEP കരാറില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

അതുപോല, ബി‌എം‌എസും പ്രധാനമായും സർക്കാരിന്‍റെ നീതി ആയോഗിനെ കുറ്റപ്പെടുത്തിക്കൊണ്ട് സർക്കാരിന്‍റെ ഓഹരി വിറ്റഴിക്കൽ നയത്തെ ചോദ്യം ചെയ്യുകയാണ്.