കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ആർഎസ്പി പ്രക്ഷോഭത്തിലേക്ക്

Jaihind Webdesk
Friday, July 9, 2021

തിരുവനന്തപുരം : ജനജീവിതം താറുമാറാക്കിക്കൊണ്ട് ദിനം പ്രതി പെട്രോൾ, ഡീസൽ, പാചകവാതകത്തിൻ്റെ വില വർദ്ധിപ്പിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നിശബ്ദത പാലിക്കുന്നത് ജനാധിപത്യത്തോടുള്ള നിരുത്തരവാദിത്വമാണെന്ന് ആർഎസ്പി സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

കുടുംബ ബജറ്റ് താളം തെറ്റുന്ന വിധം നിത്യോപയോ‌ഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിവെയ്ക്കുന്ന ഇന്ധന വിലവർദ്ധനവിൽ നിന്നും ആശ്വാസമേകാൻ കേരള സർക്കാർ നികുതി ഇളവ് നൽകാൻ തയ്യാറാകുന്നില്ല. അഴിമതിക്കാരെ സംരക്ഷിക്കാൻ മരം കൊള്ള നടത്തുന മാഫിയകളെ സഹായിക്കുന്ന സമീപനമാണ് കേരള സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നത് . സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ കഴിയുന്നില്ല. ഗാർഹിക പീഡന കേസുകൾ കൂടി വരുന്നു. രണ്ടാം മോദി സർക്കാരും രണ്ടാം പിണറായി സർക്കാരും തുടർ പരാജയമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലോക്കൽ, മണ്ഡലം, ജില്ലാ കേന്ദ്രങ്ങളിൽ സമരങ്ങൾ സംഘടിപ്പിക്കാൻ ആർഎസ്പി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം പി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഷിബു ബേബി ജോൺ, ബാബു ദിവാകരൻ, കെ.എസ്.സനൽകുമാർ, കെ.ജയകുമാർ, പി.ജി.പ്രസന്നകുമാർ , വി.ശ്രീകുമാരൻ നായർ, ഇല്ലിക്കൽ അഗസ്തി, കെ.സിസിലി, കെ.എസ്.വേണുഗോപാൽ, അഡ്വ. ബി. രാജശേഖരൻ, കെ.റജികുമാർ, ഇറവൂർ പ്രസന്നകുമാർ, ജോർജ്ജ് സ്റ്റീഫൻ, അഡ്വ.ജോർജ്ജ് വർഗ്ഗീസ്, ഹരീഷ് ബി നമ്പ്യാർ, തോമസ് ജോസഫ് , അഡ്വ. കെ.എസ്. ശിവകുമാർ എന്നിവർ സംസാരിച്ചു.