കൊവിഡ് പരിശോധനാ സംവിധാനത്തിൽ പിഴവ് സംഭവിക്കുന്നോ എന്ന് വ്യക്തമാക്കണം; മെഡിക്കൽ പ്രോട്ടോക്കോൾ എന്തെന്ന് സർക്കാർ വിശദീകരിക്കണമെന്ന് ആർഎസ്പി

Jaihind News Bureau
Friday, May 1, 2020

കൊല്ലം: കേരളത്തിലെ കൊവിഡ് പരിശോധനാ സംവിധാനത്തിൽ എന്തെങ്കിലും പിഴവ് സംഭവിക്കുന്നോ എന്ന് വ്യക്തമാക്കണമെന്ന് ആർഎസ്പി സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനുള്ള മെഡിക്കൽ പ്രോട്ടോക്കോൾ എന്തെന്ന് സർക്കാർ വിശദീകരിക്കണമെന്ന് നേതാക്കളായ എ. എ അസീസ്, എൻ. കെ പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ എന്നിവർ കൊല്ലത്ത് സംയുക്തവാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പരിശോധനാഫലങ്ങൾ ക്യത്യമായി അറിയിക്കാതിരിക്കുന്നത് മെഡിക്കൽ എത്തിക്സിന് വിരുദ്ധമാണ്. കൊവിഡ് രോഗികളുടെ എണ്ണം മുഖ്യമന്ത്രി ഒളിച്ചു വെയ്ക്കുന്നതായി സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. കൊല്ലത്ത് ആർ.എസ്.പി പ്രാദേശിക നേതാവ് ആശുപത്രിയിലാണ്. എന്നാൽ ഇദ്ദേഹത്തിന് രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നില്ല. ഇത് പുറത്തുവിടുന്ന കണക്കുകളിൽ ദുരൂഹതയുണ്ടെന്നതിന്‍റെ തെളിവാണെന്നും  നേതാക്കൾ ചൂണ്ടിക്കാട്ടി.കൊവിഡിന്‍റെ മറവിൽ സർവ്വാധികാര ഭൂഷിതരായി ഭരണകൂടം മാറി ജനങ്ങളുടെ അവകാശങ്ങൾ കവരുകയാണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപിയും കുറ്റപ്പെടുത്തി.