രാജസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്; ബി.എസ്‍.പിയുടെ മുഴുവന്‍ എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേർന്നു

രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്തേകി ബി.എസ്.പിയുടെ മുഴുവന്‍ എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്  ഒറ്റയ്ക്ക് ഭൂരിപക്ഷമായി. കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാട്ടി ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരും സ്പീക്കര്‍ സി.പി ജോഷിക്ക് കത്ത് നല്‍കി. കർണാടക മോഡല്‍ അട്ടിമറി നീക്കങ്ങള്‍ക്ക് ബി.ജെ.പി ശ്രമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്തേകുന്ന നീക്കം. ഇതോടെ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം 118 ആയി ഉയർന്നു.

രാജേന്ദ്ര ഗുഡ (ഉദയ്പൂർവതി), ജോഗേന്ദ്ര സിംഗ് അവാന (നദ്‌ബായിയി), ലഖാൻ സിംഗ് മീണ (കരൗലി), വാജിബ് അലി (നഗർ ), സന്ദീപ് യാദവ് (ടിജാര ), ദീപ്‍ചന്ദ് ഖേരിയ (കിഷൻഗഹ്‌ബാസ്) എന്നീ ബി.എസ്‍.പി എം.എല്‍.എമാരാണ് കോണ്‍ഗ്രസില്‍ ചേരുന്നു എന്ന് കാണിച്ച് സ്പീക്കര്‍ സി.പി ജോഷിക്ക് കത്ത് നല്‍കിയത്. വര്‍ഗീയ ശക്തികളോട് പോരാടാനും സംസ്ഥാനത്തിന്‍റെ വികസനം മുന്‍നിർത്തി പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസിനേ കഴിയൂ എന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കി.

‘അശോക് ഗെഹ്ലോട്ട് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തേക്കാള്‍ നന്നായി രാജസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല’ – രാജേന്ദ്ര ഗുഡ വ്യക്തമാക്കി.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 എം‌.എൽ‌.എമാരുടെ സംസ്ഥാന നിയമസഭയിൽ കോൺഗ്രസ് 100 സീറ്റുകളില്‍ ജയിച്ചിരുന്നു. 12 സ്വതന്ത്രരും 6 ബി‌.എസ്‌.പി എം‌.എൽ‌.എമാരും അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്നു. പിന്തുണ നല്‍കിയ സ്വതന്ത്ര എം.എല്‍.എമാര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ ആറ് ബി.എസ്‍.പി എം.എല്‍.എമാര്‍ കൂടി എത്തിയതോടെ നിയമസഭയിലെ കോണ്‍ഗ്രസ് അംഗബലം 118 ആയി ഉയർന്നു. ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയായി ഇത്.

RajasthanbspAshok Gehlot
Comments (1)
Add Comment