കെ.എം മാണി സ്മാരകത്തിനായി ബഡ്ജറ്റില്‍ അഞ്ച് കോടി ; ഇടതുസർക്കാരിന്‍റെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആക്ഷേപം

തിരുവനന്തപുരം : കെ.എം മാണി സ്മാരകത്തിനായി ബഡ്ജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ച ഇടതു സർക്കാരിന്‍റെ നീക്കം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആക്ഷേപം. കുസാറ്റിലെ കെ.എം മാണി സെന്‍റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസിന്‍റെ പേര് മാറ്റാൻ തിടുക്കം കാട്ടിയ ഇടതു സർക്കാരാണ് ഇപ്പോൾ സ്മാരകത്തിനായി 5 കോടി അനുവദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇടതുമുന്നണിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്.
ഉമ്മൻ‌ ചാണ്ടി  സർക്കാരിന്‍റെ കാലത്താണ് കുസാറ്റിൽ കെ.എം മാണി സെന്‍റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസ് ആരംഭിച്ചത്. സെന്‍ററിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ സർവകലാശാല ഫണ്ടിൽ വക കൊള്ളിച്ചിരുന്നു. തുടർന്ന് എൽ.ഡി.എഫ് സർക്കാർ സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടിപ്പിക്കുകയും ബഡ്ജറ്റ് സ്റ്റഡി സെന്‍ററിന്‍റെ പേരിൽ നിന്ന് മാണിയെ മാറ്റുകയും ചെയ്തു. സംസ്ഥാനത്ത് കൂടുതൽ തവണ ബഡ്ജറ്റ് അവതരിപ്പിച്ച നേതാവിന്‍റെ  പേര് നീക്കം ചെയ്യുന്നതിനോട് അന്നത്തെ വൈസ് ചാൻസലർ  ഡോക്ടർ ജെ ലത വിയോജിച്ചിരുന്നു. എന്നാൽ സിൻഡിക്കേറ്റിലെ ഇടത്  അംഗങ്ങളുടെ സമ്മർദത്തിന് വിസി വഴങ്ങിയെന്നും മുൻ കുസാറ്റ് സിൻഡിക്കേറ്റ് അംഗം കൂടിയായ ആർ.എസ് ശശികുമാർ ആരോപിച്ചു.
ഇത്തരത്തിൽ  മാണിയെ  അവഹേളിച്ചവരാണ് ഇപ്പോൾ പാർട്ടിയിലെ വിഭാഗീയത മുതലെടുത്ത് ഒരു ഭാഗത്തെ അടുപ്പിക്കുന്നതിന് വേണ്ടി അഞ്ച് കോടി രൂപ ബജറ്റിൽ നീക്കിവെക്കാൻ  തീരുമാനിച്ചിരിക്കുന്നതെന്നാണ് ആരോപണം. സ്മാരകത്തിന് അനുവദിച്ച അഞ്ച് കോടി രൂപ സെന്‍ററിന് അനുവദിക്കണമെന്നും അന്ന് പേര് മാറ്റിയവർ തെറ്റ് ഏറ്റു പറയണമെന്നും ആവശ്യമുണ്ട്.
Kerala Budget 2020K.M Mani Memorial
Comments (0)
Add Comment