‘എന്റെ ജീവന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു: വാജ്‌പേയ്; ശ്രദ്ധേയമായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

Jaihind Webdesk
Saturday, November 9, 2019

സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്ക് വര്‍ഷങ്ങളായി നിയമ പ്രകാരം നല്‍കി വന്ന അതി സുരക്ഷാ കവചമാണ് പിന്‍വലിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനായ റോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്. വാജ്‌പേയിയുടെ ചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് റോയ് മാത്യുവിന്റെ വിമര്‍ശനം.
രാജീവ് ഗാന്ധിയുടെ മഹാമനസ്‌കത കൊണ്ടാണ് താന്‍ ജീവിച്ചിരിക്കുന്നതെന്ന് മരണം വരെ പറഞ്ഞിരുന്ന നേതാവാണ് അടല്‍ ബിഹാരി വാജ്‌പേയ് . സര്‍ക്കാരിന് അവരുടേതായ ന്യായവാദങ്ങള്‍ ഉണ്ടാകും. പത്തെഴുപത് വര്‍ഷങ്ങളായി ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം വളര്‍ന്നതോടൊപ്പം നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പരസ്പര ബഹുമാനത്തോടെ വളര്‍ത്തിക്കൊണ്ടു വന്ന സംസ്‌കാര മാതൃകകള്‍ ഉണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മരിക്കുന്നതുവരെ പ്രതിപക്ഷ നേതാക്കളോട് പുലത്തിയ സഹവര്‍ത്തിത്വവും ബഹുമാനവുമാണ് നമ്മുടെ പാര്‍ലമെന്ററി സമ്പ്രദായം വലിയ കോട്ടങ്ങളില്ലാതെ ഇന്നും നിന്ന് പോകുന്നത്. നെഹ്രു കാണിച്ച മര്യാദ ഇന്നത്തെ ഭരണക്കാര്‍ കാണിക്കുന്നില്ല ഭരണ പ്രതിപക്ഷ സൗഹൃദത്തിലും സമന്വയത്തിലുമാണ് പാര്‍ലമെന്ററി ജനാധിപത്യം സുഗമമായി നടന്നു പോകുന്നത്. രാജീവ് ഗാന്ധിയുടെ മഹാമനസ്‌കത കൊണ്ടാണ് താന്‍ ജീവിച്ചിരിക്കുന്നതെന്ന് മരണം വരെ പറഞ്ഞിരുന്ന നേതാവാണ് അടല്‍ ബിഹാരി വാജ്പേയ് എന്നും റോയ്മാത്യു കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം –

എന്റെ ജീവന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു – വാജ്പേയ്

മോദി സർക്കാർ നെഹ്റു- ഗാന്ധി കുടുംബാംഗങ്ങൾക്കുള്ള എസ് പി ജി സുരക്ഷ പിൻ വലിക്കാൻ തീരുമാനിച്ച വിവരം ഇന്നലെ ഔദ്യോഗികമായി പുറത്ത് വന്നു.- മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്ക് വർഷങ്ങളായി നിയമ പ്രകാരം നൽകി വന്ന അതീവ സുരക്ഷാ കവചമാണ് ഇന്നലെയോടെ പിൻവലിച്ചത്. സർക്കാരിന് അവരുടേതായ ന്യായവാദങ്ങൾ കാണുമായിരിക്കും. പക്ഷേ, പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും അതേപോലെ തന്നെ മുൻ പ്രധാനമന്ത്രിമാരെയും സംരക്ഷിക്കുന്നതിന് നിയമാനുസൃതം രൂപീകരിച്ച സുരക്ഷാ സംവിധാനം ഇനി പ്രധാനമന്ത്രിക്ക് മാത്രമായി ചുരുങ്ങും

പത്തെഴു പത് വർഷങ്ങളായി ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം വളർന്നതോടൊപ്പം നമ്മുടെ രാഷ്ട്രീയ നേതാക്കൾ പരസ്പര ബഹുമാനത്തോടെ വളർത്തിക്കൊണ്ടു വന്ന സംസ്കാര മാതൃകകൾ ഉണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അദ്ദേഹം മരിക്കുന്നതുവരെ പ്രതിപക്ഷ നേതാക്കളോട് പുലത്തിയ ഉന്നതമായ സഹവർത്തിത്വവും ബഹുമാനവും നിമിത്തമാണ് നമ്മുടെ പാർലമെന്ററി സമ്പ്രദായം വലിയ കോട്ടങ്ങളില്ലാതെ ഇന്നും നിന്ന് പോകുന്നത്. പാർലമെന്റിൽ പ്രതിപക്ഷ നേതാവാകാനുള്ള നിയമപ്രകാരമുള്ള അംഗ സംഖ്യ ഇല്ലാതിരുന്നിട്ടുപോലും ഒന്നാം ലോക്സഭയിൽ എ.കെ. ഗോപാലനെ അനൗദ്യോഗിക പ്രതിപക്ഷ നേതാവായി അംഗീകരിക്കാനും , ആ പദവിയെ ആദരവോടെ നോക്കി ക്കാണാനും നെഹ്രു കാണിച്ച മര്യാദ ഇന്നത്തെ ഭരണക്കാർ കാണിക്കുന്നില്ല – ഭരണ- പ്രതിപക്ഷ സൗഹൃദത്തിലും സമന്വയത്തിലുമാണ് പാർലമെൻററി ജനാധിപത്യം സുഗമമായി നടന്നു പോകുന്നത്. അതിന് ഭരണത്തിലുള്ളവർ വിശാല മനസ്കരാവുകയാണ് പതിവ്. അതാണ് നമ്മുടെ സംസ്കാരവും പാരമ്പര്യവും –

രാജീവ് ഗാന്ധിയുടെ മഹാമനസ്കത കൊണ്ടാണ് താൻ ജീവിച്ചിരിക്കുന്നതെന്ന് മരണം വരെ പറഞ്ഞിരുന്ന നേതാവാണ് അടൽ ബിഹാരി വാജ്പേയ് – 1984 ൽ 410 ലോക് സഭാ സീറ്റ് കളോെടെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയും ബിജെപി നേതാവായിരുന്ന വാജ്പേയിയും തമ്മിൽ വല്ലാത്ത ഒരു സൗഹൃദം പുലർത്തിയിരുന്നു. 1984 ൽ ഗ്വാളിയറിൽ മാധവ് റാവു സിന്ധ്യയോട് തോറ്റ് പോയ വാജ്പേയി 1986 ൽ മധ്യ പ്രദേശിൽ നിന്ന് രാജ്യസഭയിലെത്തി. 1984 ലെ ലോക്സഭയിൽ ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണുണ്ടായിരുന്നത് .

1985 ൽ വൃക്കരോഗത്തെ തുടർന്ന് വാജ്പേയിയുടെ ഒരു കിഡ്നി നീക്കം ചെയ്തിരുന്നു. അധികം താമസിയാതെ രണ്ടാമത്തെ കിഡ്നിക്കും ഗുരുതരമായ അസുഖം ബാധിക്കുകയും അദ്ദേഹം നിരന്തരം ചികിത്സ തേടുകയും ചെയ്യുന്ന സ്ഥിതിയിലായി. ഇക്കാര്യം എങ്ങനെയോ അറിഞ്ഞ അറിഞ്ഞ രാജീവ് ഗാന്ധി ഒരു ദിവസം വാജ്പേയിജിയെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തെ യുഎൻ ലേക്കുള്ള പാർലമെന്ററി സംഘത്തിൻ ഉൾപ്പെടുത്തുകയാണെന്നും ഈ അവസരമുപയോഗിച്ച് അമേരിക്കയിൽ മെച്ചപ്പെട്ട ചികിത്സ തേടാനും പ്രധാനമന്ത്രി രാജീവ് ഗാന്ധി അദ്ദേഹത്തോടാവശ്യപ്പെട്ടു. അങ്ങനെ താൻ ഇന്ത്യയിൽ നിന്നുള്ള സംഘത്തോടൊപ്പം ന്യു യോർക്കിനു പോവുകയും വൃക്ക രോഗത്തിന് ചികിത്സ തേടാൻ ഇടയായെന്ന് അദ്ദേഹം ഓർക്കുന്നുണ്ട്.
ഈ രണ്ട് നേതാക്കളും തമ്മിൽ വ്യക്തിപരമായി വല്ലാത്തൊരു സ്നേഹവും സൗഹൃദവും പങ്ക് വെച്ചിരുന്നു. തന്നേക്കാൾ 20 വയസ് മൂപ്പുണ്ടായിരുന്ന വാജ്പേയിയോട് മൂത്ത സഹോദരനോടെന്നവണ്ണമുള്ള ബഹുമാനം രാജീവ് ഗാന്ധി പുലർത്തിയിരുന്നുവെന്നാണ് വാജ് പേയ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

1991 ലെ തിരഞ്ഞെടുപ്പു കാലത്ത് തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട രാജീവ് ഗാന്ധി യെ അനുസ്മരിച്ചു കൊണ്ട് ഒരു മാധ്യമ പ്രവർത്തകന് നൽകിയ അഭിമുഖത്തിലാണ് – രാജീവ് ഗാന്ധി നിമിത്ത മാണ് താനിപ്പോഴും ജീവിച്ചിരിക്കുന്നതെന്ന കാര്യം ആദ്യമായി വാജ് പേയി വെളിപ്പെടുത്തുന്നത് മാധ്യമ പ്രവർത്തകനായ കരൺ ഥാപ്പറിനോടാണ്. രാജീവ് ഗാന്ധിയെ എങ്ങനെ അനുസ്മരിക്കുന്നു എന്നറിയാനായി കരൺ ഒരു ദിവസം വാജ്പേയിയെ വിളിക്കുന്നു. പിറ്റേന്ന് ഉച്ച ഊണിന് തന്നോടൊപ്പം ചേരാൻ കരണി നോട് അദ്ദേഹം ആവശ്യപ്പെടുന്നു
വാജ് പേയിയുടെ വസതിയിലെ പൂന്തോട്ടത്തിലിരുന്ന് അവർ സംസാരിക്കുന്നതിനിടയിൽ കരണിന്റെ ഒരു ചോദ്യത്തിന് അദ്ദേഹം തീരെ പ്രതീക്ഷിക്കാത്ത ഒരു മറുപടി പറഞ്ഞു – കരൺ ഥാപ്പർ ഇക്കാര്യം പിന്നീട് ഹിന്ദുസ്ഥാൻ ടൈംസിലെഴുതിയ കുറിപ്പിലിങ്ങനെ എഴുതിയിട്ടുണ്ട്.
Vajpayee invited me to his home for a chat. Sitting in his garden he said he wanted to explain something before he answered my request. “When Rajiv Gandhi was prime minister,” he began, “he somehow found out I had a kidney problem and needed treatment abroad. One day he called me to his office and said he was going to include me in India’s delegation to the UN and hoped I would use the opportunity to get the treatment I needed. I went to New York and that’s one reason I’m alive today.”
This wasn’t what I expected to hear. Vajpyaee was well aware of that. “So do you see my problem, Karan?” he asked. “Today I’m in the Opposition and people expect me to speak like an opponent. But I can’t. I only want to talk about what he did for me. If that’s okay with you, I’ll do it. If not, I have nothing to say.”
രാജീവ് ഗാന്ധിയെ പ്രതിപക്ഷത്തിരിക്കുന്ന വ്യക്തി എന്ന നിലയിലും രാഷ്ട്രീയ എതിരാളി എന്ന നിലയിലുമാവും പലരും വിലയിരുത്താൻ ശ്രമിക്കുന്നതും പ്രതീക്ഷിക്കുന്നതും. തനിക്ക് രാജീവ് ചെയ്ത നന്മയെക്കുറിച്ചല്ലാതെ മറ്റൊന്നും പറയാൻ താൻ തയ്യാറല്ലെന്നാണ് കരണി നോട് അദ്ദേഹം പറഞ്ഞത്. 1991 ജൂണിൽ Eye witness എന്ന വീഡിയോ മാഗസിനു വേണ്ടിയാണ് ഈ അഭിമുഖം തയ്യാറാക്കിയത്.
1988ൽ ഇന്ത്യയിൽ നിന്ന് യുഎൻ പാർലമെന്ററി സംഘത്തോടൊപ്പം പോയ വാജ്പേയിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് രാജീവ് ഗാന്ധി പ്രത്യേക നിർദ്ദേശം നൽകിയിരുന്നുവെന്നാണ് വാജ്പേയി പറഞ്ഞത്.
മുൻ വിദേശകാര്യ മന്ത്രി കുടിയായ വാജ്പേയിയെ എന്തിനാണ് പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതെന്ന് രാജീവ് ഗാന്ധി ആരോടും പറഞ്ഞതുമില്ല. . അക്കാലത്ത് പാർലമെന്റിന്റെ ഇരു സഭകളിലും നാമ മാത്രമായിരുന്ന പ്രതിപക്ഷ നേതാക്കളോട് നിരന്തരം ഏറ്റുമുട്ടലിൽ ആയിരുന്നെങ്കിലും വാജ്പേയിയും രാജീവ് ഗാന്ധിയും തമ്മിൽ നിർവച്ചിക്കാനാവാത്ത ഒരു ബന്ധം പുലർത്തിയിരുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. പിന്നെ 10 വർഷം കഴിഞ്ഞ് 1998 ൽ വാജ്‌പേയി പ്രധാനമന്ത്രിയായി അമേരിക്കയിൽ പോയപ്പോഴാണ് വീണ്ടും വൃക്ക രോഗത്തിന് അദ്ദേഹം ചികിത്സ തേടിയത്.
വാജ്പേയിയെക്കുറിച്ച് മലയാളി മാധ്യമ പ്രവർത്തകനായ ഉല്ലേഖ് 2016ൽ എഴുതിയ പുസ്തകത്തിൽ രാജീവ് ഗാന്ധി തനിക്ക് ചെയ്ത നന്മയെക്കുറിച്ച് വാജ്പേയി പറഞ്ഞ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത കമ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലന്റെ മകനും ഇപ്പോൾ ഓപ്പൺ മാഗസിന്റെ എക്സിത്യൂട്ടീവ് എഡിറ്ററുമായ എൻ. പി. ഉല്ലേഖ് എഴുതിയ “ദ അൺ ടോൾഡ് വാജ്പേയി : പൊളിറ്റീഷ്യൻ ആന്റ് പാരഡോക്സി ” ലാ ണ് വാജ്പേയിയുടെ ഈ പ്രസ്താവന ഉൾപ്പെടുത്തിയിട്ടുള്ളത്.
ഉല്ലേഖിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി ചലച്ചിത്ര നിർമ്മാതാക്കളായ അമാസ് ഫിലിംസ് ഹിന്ദിയിൽ വാജ്പേയിയുടെ ബയോപിക് നിർമ്മിക്കാനൊരുങ്ങുന്നതായി കേൾക്കുന്നുണ്ട്.