ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും ജനപങ്കാളിത്തമില്ലാത്തത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു. നിരവധി ഇടങ്ങളില്‍ ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കേണ്ട ഗതികേടാണ് പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്ക് നേരിടേണ്ടിവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്ക്ക്സമാന അനുഭവം ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ആളുകള്‍ എത്താത്തതിനെ തുടര്‍ന്ന് കാലി കസേരകള്‍ നോക്കി പ്രസംഗിക്കേണ്ട അവസ്ഥ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനുമുണ്ടായി. ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ മനോജ് തിവാരിക്കും, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനും വേണ്ടി ന്യൂഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് ആളില്ലാതെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞുകിടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേള്‍ക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. മീററ്റില്‍ പ്രധാനമന്ത്രി ആളില്ലാത്ത ഒഴിഞ്ഞ കസേരകളോടായിരുന്നു സംസാരിച്ചത്. മാര്‍ച്ച് 24ലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിനും ആളില്ലായിരുന്നു. അന്ന് ഒഴിഞ്ഞ കസേരകള്‍ ഒളിപ്പിക്കാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴും കാലിക്കസേരകളായിരുന്നു വരവേറ്റത്.
രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഗൗതം ഗംഭീര്‍ കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിംഗ് ലൗവ്ലിയും ആം ആദ്മി പാര്‍ട്ടിയുടെ അതിഷി മര്‍ലേനെയുമാണ് ഗംഭീറിന്റെ എതിരാളികള്‍. മേയ് 6ന് ആണ് ലക്നൗവില്‍ തെരഞ്ഞെടുപ്പ്, ഡല്‍ഹിയില്‍ മേയ് 12നും ജനം വിധിയെഴുതും. തെരഞ്ഞെടുപ്പ് യോഗങ്ങളിലും റാലികളിലും ജനപങ്കാളിത്തം കുറഞ്ഞതോടെ വലിയ ആശങ്കയിലാണ് ബി.ജെ.പി ക്യാമ്പ്.