പോളിങ് ബൂത്തില്‍ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ‘സായാബോട്ട്’

പോളിങ് ബൂത്തിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ സായാബോട്ടും. എറണാകുളത്ത് തൃക്കാക്കര പോളിങ് കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സായാബോട്ടിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് കൊവിഡ് നിയന്ത്രണങ്ങൾ മാത്രമല്ല പുതുമ, കൂട്ടത്തിൽ അത്ഭുതപ്പെടുത്താൻ അസിമോവ് റോബോട്ടിക്സ് തയ്യാറാക്കിയ സായാബോട്ടും ഉണ്ട്. പോളിങ് കേന്ദ്രത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്‍റെ ചുമതല.

വോട്ടിങ്ങിനെത്തുന്നവരെ പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ശരീര താപനില സാധാരണ അവസ്ഥയിൽ ആണോ , സാനിറ്റേഷൻ ചെയ്തതിനു ശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കേവലം ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് സായാബോട്ട് പരിശോധിക്കും. സാനിറ്റൈസർ റോബോട്ട് തന്നെ വിതരണം ചെയ്യും. താപനില കൂടുതലാണെങ്കിൽ പോളിംഗ് ഓഫീസറുമായി ആയി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തേടാൻ റോബോട്ട് ആവശ്യപ്പെടും. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കേണ്ടതിൻറെ ആവശ്യവും സായാബോട്ട് ബോധ്യപ്പെടുത്തുന്നുണ്ട്. കളമശേരി സ്റ്റാർട്ട്‌അപ്പ്‌ വില്ലേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് ആണ് സായാ ബോട്ടിന്‍റെ നിർമാണത്തിന് പിന്നിൽ. രണ്ടു ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ഇത്തരത്തിൽ സജ്ജീകരിച്ചത്.

Comments (0)
Add Comment