റോബിന്‍ ബസ് വീണ്ടും നിരത്തില്‍: പതിവുപോലെ പരിശോധനയുമായി എംവിഡി

 

പത്തനംതിട്ട: പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി സ്ഥിരം നിയമയുദ്ധത്തിലായിരുന്നറോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. പതിവു പോലെ പത്തനംതിട്ടയിൽ നിന്നുള്ള യാത്രയിൽ എംവിഡി വാഹനം തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു. ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിച്ചു തന്നെയാണ് ബസുമായി സര്‍വീസിന് ഇറങ്ങുന്നതെന്ന് ബസിന്‍റെ നടത്തിപ്പുകാർ പ്രതികരിച്ചു.

പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് റോബിന്‍ ബസ് യാത്ര ആരംഭിച്ചത്. മുന്‍കൂട്ടി ബുക്കുചെയ്തിട്ടുള്ള 41 യാത്രക്കാരുമായാണ് ഈ ബസ് കോയമ്പത്തൂരിലേക്ക് യാത്ര ആരംഭിച്ചത്. മൈലപ്രയില്‍ നിന്ന് മോട്ടോര്‍വാഹന വകുപ്പ് യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ചു. വാഹനം കാണുന്നതിനും പിന്തുണ പ്രഖ്യാപിച്ചും നിരവധി ആളുകളാണ് പുലര്‍ച്ചെ പത്തനംതിട്ട സ്റ്റാന്‍ഡില്‍ എത്തിയത്.

കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് കോടതി വിധിയുടെ സഹായത്തോടെ ബസ് വിട്ടുനല്‍കിയത്. അന്നുതന്നെ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബേബി ഗിരീഷ് പറഞ്ഞിരുന്നു. നവംബര്‍ 24-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തത്. തുടരെയുള്ള നിയമലംഘനങ്ങളുണ്ടായാല്‍ വാഹനം പിടിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടർന്ന് ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്‍റെ ഉത്തരവിന് പിന്നാലെയാണ് ബസ് വിട്ടുനല്‍കിയത്. 82,000 രൂപ പിഴ അടച്ചാണ് ബസ് പുറത്തിറക്കിയത്.

Comments (0)
Add Comment