റോഡ് സേഫ്റ്റി വേൾഡ് സീരീസിന് ഇന്ന് തുടക്കം

Jaihind News Bureau
Saturday, March 7, 2020

സച്ചിൻ ടെൻഡുൽക്കറും ബ്രയാൻ ലാറയുമടക്കമുള്ള ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ ഒരിക്കൽ കൂടി മൈതാനത്തെത്തുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിന് ഇന്ന് തുടക്കം. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ആദ്യ മത്സരം. മുംബൈയിലാണ് മത്സരം.

സച്ചിൻ നയിക്കുന്ന ഇന്ത്യാ ലെജൻസ്, ലാറ നയിക്കുന്ന വിൻഡീസ്, ബ്രെറ്റ് ലീയുടെ ഓസ്ട്രേലിയ, ദിൽഷൻറെ ലങ്ക, ഒപ്പം ജോണ്ടീ റോഡ്‌സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂർണമെൻറിൽ അണിനിരക്കുക. ഒരുകാലത്ത് മൈതാനത്തെ ഹരംകൊള്ളിച്ച അഞ്ച് രാജ്യങ്ങളിലെ താരങ്ങൾ ഒരിക്കൽ കൂടി ബാറ്റും ബോളുമെടുക്കുമ്പോൾ ആവേശം അതിരുകടക്കുമെന്നുറപ്പ്. ലാറയും ചന്ദ്രപോളും കാൾ ഹൂപ്പറുമടക്കമുള്ള ഇതിഹാസ വിൻഡീസ് നിരയെ ഉദ്ഘാടനമത്സരത്തിൽ നേരിടാൻ ഇന്ത്യയിറങ്ങുമ്പോൾ എല്ലാ കണ്ണുകളും ആവേശത്തോടെ നോക്കുന്നത് സച്ചിനും സെവാഗും ചേർന്നുള്ള ഓപ്പണിംഗ് സഖ്യത്തിലേക്കാണ്. യുവ്രാജ് സിംഗ്, മുഹമ്മദ് കൈഫ്, സഹീർഖാൻ അടക്കമുള്ള താരങ്ങൾ നീലക്കുപ്പായത്തിൽ മൈതാനത്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

ശ്രീലങ്കൻ ടീമിന്റെ ജഴ്സി ഇന്നലെ മുംബൈയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന ടൂർണമെൻറ് മാർച്ച് 22 വരെ നീണ്ട് നിൽക്കും. പരസ്പരം പോരടിക്കുന്ന ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന രണ്ട് ടീമുകൾ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.