അന്തരിച്ച നടന്‍ റിസബാവയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്

Jaihind Webdesk
Monday, September 13, 2021

 

കൊച്ചി : അന്തരിച്ച നടന്‍ റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതോടെ പൊതുദര്‍ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‍കാരം നാളെ നടക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് റിസബാവ അന്തരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ നടനായിരുന്നു റിസബാവ. നാടകവേദികളിലൂടെയാണ് റിസബാവയുടെ സിനിമാ പ്രവേശം. 1990ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് 1990ല്‍ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്‌- ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ വേഷത്തിലൂടെയാണ്. നൂറ്റമ്പതോളം സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സജീവമായിരുന്നു.