ചൈനയിൽ നിന്ന് പടർന്ന് പിടിച്ച കൊവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതിനുള്ള സാധ്യത അന്താരാഷ്ട്ര തലത്തിൽ വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകമെമ്പാടും കോവിഡ് 19 ബാധിച്ചുള്ള മരണം 2900 കവിഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെട്ടെ 57 രാജ്യങ്ങളിലാണ് വൈറസ് പടർന്ന് പിടിച്ചത്. ആഗോള സാമ്പത്തിക രംഗത്തെയും ഇത് പ്രതിസന്ധിയിലാക്കിട്ടുണ്ട്.
ന്യൂസീലൻഡ്, നൈജീരിയ, ഇസ്‌തോണിയ, ഡെന്മാർക്ക്, നെതർലൻഡ്‌സ്, ലിത്വാനിയ എന്നീ രാജ്യങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സ്വിറ്റ്‌സർലൻഡ് ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്കു കൂടി വൈറസ് പടരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ചൈനക്ക് പുറമെ ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ച ദക്ഷിണകൊറിയയിൽ ഇന്നലെ മാത്രം 571 പുതിയ കേസുകളാണ് കണ്ടെത്തിയത്. ഇറ്റലിയിലും ഇറാനിലും സ്ഥിതി മോശമായി തന്നെ തുടരുന്നു. ഇറാനിൽ മരണം 34 ആയി. അതേസമയം, യു.എസിലെ കാലിഫോർണിയയിൽ രണ്ടാമതൊരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തിന് പുറത്തേക്ക് പോകാത്ത ആൾക്കാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് യുഎസ് ആരേഗ്യ വിഭാഗം ഡയറക്ടർ അറിയിച്ചു.
വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ ജനുവരി 23 നു രോഗബാധ സ്ഥിരീകരിച്ച ശേഷം ഏറ്റവും കുറവു കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതിനിടയിൽ കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഫെറി സർവീസുകളും നിർത്തലാക്കി. അതിർത്തി കടന്നെത്തുന്ന എല്ലാ ജീവനക്കാരും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനും അതികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആറു രാജ്യങ്ങളിലേക്കു കൂടി കൊവിഡ് പടർന്ന് പിടിച്ചതോടെ ആഗോള വിപണിയും നഷ്ടത്തിലാണ്. അസംസ്‌കൃത എണ്ണയുടെ വില ആഗോള വിപണിയിൽ കുത്തനെ ഇടിയുന്നതും തുടരുകയാണ്. സൗദി അറേബ്യയുടെ ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയിൽ അടുത്ത മാസം അഞ്ച് ലക്ഷം ബാരലിന്റെ കുറവ് വരുമെന്നാണ് കണക്ക്. അതിനിടെ നൈനയിൽ പൊട്ടി പുറപ്പെട്ട കൊറോണ വൈറസ് പ്രതിരോധിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം, കോവിഡ് നേരിടുന്നതിന് രാജ്യങ്ങൾക്ക് അടിയന്തര സഹായം നൽകാൻ ലോകബാങ്കും ഐഎംഎഫും തയ്യാറാണെന്ന് വക്താവ് അറിയിച്ചു.