റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും

Jaihind Webdesk
Tuesday, October 25, 2022

റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് റിഷി സുനക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്‍റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു.

ജനഹിതം നിറവേറ്റാനായില്ലെന്ന് തുറന്നുസമ്മതിച്ച് ലിസ് ട്രസ് രാജിവെച്ചതോടെയാണ് റിഷി സുനക് ബ്രിട്ടന്‍റെ നേതൃസ്ഥാനത്തേക്കെത്തിയത്. ബോറിസ് ജോൺസൺ, തെരേസ മേ മന്ത്രിസഭകളിൽ അംഗമായിരുന്ന റിഷി സുനക് നാൽപ്പത്തി രണ്ടാം വയസിലാണ് ബ്രിട്ടന്‍റെ പ്രധാനമന്ത്രി കസേരയിൽ എത്തുന്നത്. സാമ്പത്തിക രംഗം പ്രതിസന്ധിയിലായ ബ്രിട്ടനെ നയിക്കുകയെന്ന ദുഷ്‌കരമായ ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.

 

റിഷി സുനകിന്‍റെ ഇന്ത്യന്‍ ബന്ധം:

പഞ്ചാബിൽ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറ അംഗമാണ് റിഷി സുനക്. ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരന്‍. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷിതയാണ് ഭാര്യ. ഓക്സ്‌ഫഡിലും സ്റ്റാൻഫഡിലുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പഠനം. യുഎസിലെ സ്റ്റാൻഫഡ് ബിസിനസ് സ്കൂളിൽ വെച്ച് തുടങ്ങി പരിചയം പ്രണയത്തിനും പിന്നീട് വിവാഹത്തിലേക്കും എത്തിച്ചേരുകയായിരുന്നു. രണ്ട് മക്കള്‍: കൃഷ്ണ, അനൗഷ്ക.

33- ാം വയസില്‍ 2015 ൽ ബ്രിട്ടീഷ് പാർലമെന്‍റ് അംഗമായ റിഷി സുനക് ഭഗവത് ഗീതയിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ബ്രിട്ടീഷ് പാർലമെന്റിൽ ഇങ്ങിനെ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വ്യക്തി. പാർലമെന്‍റ് അംഗം, ട്രഷറി ചീഫ് സെക്രട്ടറി, ധനമന്ത്രി, തെരേസ മേ മന്ത്രിസഭയിൽ ഭവനകാര്യ സഹമന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ബ്രിട്ടണിലെ അതി സമ്പന്നരായ രാഷ്ട്രീയക്കാരിൽ പ്രധാനി കൂടിയാണ് റിഷി സുനക്. ബോറിസ് ജോൺസൺ രാജിവെച്ചതോടെ ലിസ് ട്രസിനെതിരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട് രണ്ട് മാസം പിന്നിടുമ്പോഴാണ് സുനകിനെ തേടി പ്രധാനമന്ത്രിപദം എത്തുന്നത്.