മന്ത്രിസ്ഥാനത്തെ ചൊല്ലി കലഹം ; എൻ.സി.പി സംസ്ഥാന ഘടകം വീണ്ടും പിളർപ്പിലേക്ക്

 

തിരുവനന്തപുരം : എൻ.സി.പി സംസ്ഥാന ഘടകം വീണ്ടും പിളർപ്പിലേക്ക്. മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള കലഹമാണ് എൻ.സി.പിയെ പിളർപ്പിൻ്റെ വക്കിലെത്തിച്ചിരിക്കുന്നത്. ചേരിപ്പോരിലെ അതൃപ്തി സി.പി.എം എൻ.സി.പി ദേശീയ നേത്യത്വത്തെ അറിയിച്ചു.

രണ്ട് എം.എൽ.എമാർക്കും മന്ത്രിയാകണമെന്ന് പിടിവാശിയാണ് എൻ.സി.പി കേരള ഘടകത്തെ ഉലയ്ക്കുന്നത്. എ.കെ ശശീന്ദ്രൻ, തോമസ്.കെ.തോമസ് എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് ചരടുവലി നടത്തുന്നത്. ഇക്കാര്യത്തിൽ നേതാക്കൾ രണ്ടു തട്ടിലാണ്. തർക്കം രൂക്ഷമായതോടെ ശശീന്ദ്രൻ അനുകൂലികൾക്ക് എതിരെ നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ.

സംസ്ഥാന ജനറൽ സെകട്ടറി റസാഖ് മൗലവി എറണാകുളം ജില്ലാ പ്രസിഡൻ്റ്  അബദുൽ അസീസ് എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിനെ ശശീന്ദ്രൻ അനുകൂലികൾ എതിർത്തതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്. മന്ത്രി ആരാണെന്ന് അറിയിക്കാൻ ഈ മാസം 18 ന് അറിയിക്കണമന്നാണ് സി.പി.എം എൻ.സി.പിക്ക് നൽകിയിരിക്കുന്ന അന്ത്യശാസനം. സി.പി.എമ്മിൻ്റെ നിലപാട് തനിക്ക് അനുകൂലമാണെന്നാണ് ശശീന്ദ്രൻ്റെ വാദം.

മന്ത്രിപദവി വീതം വയ്ക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിൻ്റെ സാന്നിധ്യത്തിൽ യോഗം ചേർന്ന് മന്ത്രിയെ നിശ്ചയിച്ചേക്കും. അതേസമയം തർക്കം തുടർന്നാൽ മന്ത്രിസ്ഥാനം നൽകേണ്ടന്നാണ് സി.പി.എം തീരുമാനം.

Comments (0)
Add Comment