വിയ്യൂരില്‍ തടവു ഗുണ്ടകളുടെ വിളയാട്ടമെന്ന് സമ്മതിച്ച് ഡിജിപി; ജയില്‍ ഡയറക്ടര്‍ക്ക് കത്ത്

 

തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരായ ഗുണ്ടകളുടെ വിളയാട്ടമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന പോലീസ് മേധാവി. ഗുണ്ടകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജയിൽ ഡയറക്ടർ ബൽറാം കുമാർ ഉപാധ്യായയ്ക്ക് ഡിജിപി അനിൽകാന്ത് കത്തു നൽകി.

ജയിൽ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു പോലീസ് മേധാവി ജയിൽ ഡയറക്ടർക്കു കത്തയയ്ക്കുന്നത് ആദ്യമാണ്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് സഹിതമാണു ഡിജിപി കത്ത് നൽകിയത്. ഗുണ്ടകളും അവർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും ചേർന്നു ജയിൽ നിയന്ത്രിക്കുന്നുവെന്ന കാലങ്ങളായുള്ള ആക്ഷേപം സംസ്ഥാന പോലീസ് മേധാവി രേഖാമൂലം ശരിവെക്കുകയാണ്.

ലഹരിക്കടത്തും മൊബൈൽ ഫോൺ ഉപയോഗവും വ്യാപകമാണെന്ന കാര്യം ഡിജിപി കൈമാറിയ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ഗുണ്ടകൾ തമ്മിലുള്ള മുൻവൈരാഗ്യം തീർക്കുന്നതു ജയിലിലാണ്. കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. തിരുവനന്തപുരം, കണ്ണൂർ മേഖലകളിലെ 93 കാപ്പ പ്രതികളാണ് വിയ്യൂർ ജയിലിലുള്ളത്. പത്തിലധികം കേസുള്ളതിനാൽ ഇവർക്ക് കൂടുതൽ കേസുകൾ ഭയമില്ല. ചെറിയ പ്രകോപനങ്ങൾ പോലും അക്രമത്തിലേക്കു നീങ്ങുന്നു. ഗുണ്ടാ നേതാവെന്ന സ്ഥാനമുറപ്പിക്കാനാണു ശ്രമം. അക്രമാസക്തരാക്കുന്നതു ലഹരി ഉപയോഗമാണ്. ഇവരുടെ സന്ദർശകർ ജയിൽ വളപ്പിലെ ചിൽഡ്രൻസ് പാർക്കിൽ പലയിടത്തായി ലഹരി വസ്തുക്കൾ ഒളിപ്പിക്കുകയും പുറംപണിക്കിറങ്ങുന്ന തടവുകാർ ഇവ ജയിലിലേക്കു കടത്തുകയും ചെയ്യുന്നുവെന്ന ഗുരുതരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. പുറംപണിക്കിറങ്ങുന്ന തടവുകാരെ കാര്യമായി പരിശോധിക്കുന്നതുമില്ല. ജീവനക്കാരുടെ ഒത്താശയോടെ നിരോധിത വസ്തുക്കൾ തടവുകാർക്കു ലഭിക്കുന്നു.

കഴിഞ്ഞ ഡിസംബർ 13ന് ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രാജേഷ്‌കുമാറിൽനിന്നു ജോയിന്‍റ് സൂപ്രണ്ട് അൻവർ വൻതോതിൽ ബീഡിയും സിഗരറ്റും കണ്ടെടുത്തത് ഉദാഹരണം. ജോയിന്‍റ് സൂപ്രണ്ടിനെ മണികണ്ഠൻ, ഉദയകുമാർ എന്നീ ഡിപിഒമാർ ഭീഷണിപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഇവരെപ്പോലെ ഒരു സംഘം ഉദ്യോഗസ്ഥർ തടവുകാരെ നിയമവിരുദ്ധമായി സഹായിക്കുന്നുണ്ട്. കാപ്പ കേസിലെ തടവുകാർക്ക് ചില ജയിൽ ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് അവരുടെ ബന്ധുക്കളിൽനിന്നു ഓൺലൈനായി കൈക്കൂലി പറ്റുന്നുവെന്ന വെളിപ്പെടുത്തലുമുണ്ട്.ഗൂഗിൾ പേ, അക്കൗണ്ട് ട്രാൻസ്ഫർ എന്നീ മാര്‍ഗങ്ങളിലൂടെയാണ് ബന്ധുക്കളിൽനിന്ന് കൈക്കൂലി വാങ്ങുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് സംശയാസ്പദമായ ഇടപാടുകൾ അന്വേഷിക്കണമെന്നും അടിയന്തരമായി സ്ഥലം മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Comments (0)
Add Comment