ഒമിക്രോണ്‍: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം

Jaihind Webdesk
Monday, December 27, 2021

 

തിരുവനന്തപുരം : ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രോഗവ്യാപന നില വിലയിരുത്താൻ കേന്ദ്ര സംഘത്തിലെ അംഗങ്ങളും കേരളത്തിൽ എത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 19 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്.

ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് കേരളമുൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ അയച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം കൂടിയ, ഒമിക്രോൺ കേസുകൾ ഉയർന്നു നിൽക്കുന്ന, വാക്സിനേഷൻ കുറവുള്ള സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്രസംഘം സന്ദർശനം നടത്തുന്നത്.

സംസ്ഥാനത്ത് നിലവിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 57 ആയി. ഇന്നലെ മാത്രം 19 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ബ്രിട്ടൻ, യുഎഇ, അയർലൻഡ്, സ്‌പെയിൻ, കാനഡ, നെതർലാൻഡ്, ഘാന, ഖത്തർ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കാണ് രോഗബാധ. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എത്തുന്ന കേന്ദ്രത്തിലെ നാലംഗസംഘം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

വാക്സിനേഷനിൽ കേരളത്തിലെ നിരക്കുകൾ ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ. സമ്പർക്കത്തിലൂടെയുള്ള ഒമിക്രോൺ ബാധിതരുടെ നിരക്കും സംസ്ഥാനത്ത് കുറവാണ്. കേന്ദ്ര സംഘത്തിന്‍റെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാകും കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ. അതേസമയം സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരും. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകുന്ന കാര്യവും  അവലോകന യോഗത്തിൽ ചർച്ചയായേക്കും.