മരം മുറിയില്‍ റവന്യൂ വകുപ്പിന് വീഴ്ചയെന്ന റിപ്പോര്‍ട്ട് ; അറിയില്ലെന്ന് മന്ത്രി കെ രാജന്‍

Jaihind Webdesk
Sunday, June 27, 2021

തൃശൂര്‍ : സംസ്ഥാനത്തെ മരം മുറിയുമായി ബന്ധപ്പെട്ട വനം വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വിവാദ ഉത്തരവിന്‍റെ മറവിൽ സംസ്ഥാനത്ത് 15 കോടി രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ടെന്നായിരുന്നു വനം വിജിലന്‍സ് റിപ്പോര്‍ട്ട്. റവന്യൂ വകുപ്പിന് വീഴ്ച പറ്റിയെന്നും  റിപ്പോര്‍ട്ടിലുണ്ട്.  ഇതിനെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

അങ്ങനെ ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിൽ വന്നിട്ടില്ല. ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സമഗ്ര അന്വേഷണം ആണ്. അതിന്‍റെ റിപ്പോര്‍ട്ട് വരട്ടെയെന്നും മന്ത്രി കെ രാജന്‍ പ്രതികരിച്ചു.

റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് വനം വിജിലൻസ് റിപ്പോർട്ടിലുള്ളത്. വിജിലൻസ് പിസിസിഎഫ് ഗംഗാ സിംഗ് സംസ്ഥാന വ്യാപകമായി നടന്ന മരംമുറിയെക്കുറിച്ച് അന്വേഷണം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 15 കോടിയുടെ മരങ്ങൾ മുറിച്ചു എന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. പട്ടയ റവന്യൂ ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചത്. ആകെ 1900 മീറ്റർ ക്യൂബ് മരങ്ങൾ മുറിച്ചു, 1600 മീറ്റർ ക്യൂബ് തേക്കും 300 മീറ്റർ ക്യൂബ് ഈടിയും മുറിച്ചു. പട്ടയ നിബന്ധനകൾക്ക് വിരുദ്ധമായാണ് മരം മുറിച്ച് കടത്തിയത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വയനാട്, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപകമായ മരംമുറി ഉണ്ടായത്. നിലവിൽ മരം രജിസ്റ്റർ വനംവകുപ്പിൻ്റെ കൈവശം ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുറിച്ചു കടത്തിയ മരങ്ങളിൽ ഏഴര കോടിയുടെ മരങ്ങൾ തിരിച്ചുപിടിച്ചു. 20% തേക്ക് തിരിച്ചുപിടിക്കാൻ ആയെങ്കിലും നേര്യമംഗലം അടിമാലി എന്നിവിടങ്ങളിൽനിന്നും കടത്തിയ മരങ്ങൾ പൂർണ്ണമായും കണ്ടെത്താനായിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് പാസ് അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണ് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പട്ടയം നൽകുമ്പോൾ ഭൂമിയുള്ള മരങ്ങളുടെ പട്ടിക വനംവകുപ്പിന് നൽകണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സംസ്ഥാന വ്യാപകമായി നടന്ന മരം കൊള്ളയ്ക്ക് ഒത്താശ ചെയ്ത് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് വനം വിജിലൻസ് റിപ്പോർട്ടിലുണ്ട്. രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന ആദ്യ അഴിമതിയാരോപണം ശരി വെക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്.