തീജ്വാല ഉയർത്തി സമരാഗ്നി;അനന്തപുരിയിൽ സമാപിച്ചു, കേരളത്തിൽ യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്ന് രേവന്ത് റെഡ്ഡി

ആവേശം അലകടലായി  പ്രതിഷേധത്തിന്‍റെ തീജ്വാലയുയർത്തി സമരാഗ്നി അനന്തപുരിയിൽ സമാപിച്ചു. കേരളത്തിന്‍റെ ജനമനസ് തൊട്ടറിഞ്ഞ് ഫെബ്രുവരി 9ന്‌ കാസര്‍ഗോഡ്‌ നിന്നും പ്രയാണമാരംഭിച്ച സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന സമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധത്തിന്‍റെ തീജ്വാലയുയർത്തിയാണ് സമരാഗ്നി സമാപിച്ചത്. പുത്തരിക്കണ്ടം മൈതാനത്ത് തടിച്ചുകൂടിയ ജനസഹസ്രങ്ങളെ സാക്ഷി നിർത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ മോദിയുടെ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും
കേരളത്തിൽ യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം പാർലമെന്‍റില്‍ മോദിയെ ഫലപ്രദമായി നേരിട്ടത് കേരളത്തിലെ എംപിമാരാണെന്നും അവർക്കൊപ്പം താനും ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ പാർലമെന്‍റിൽ തിരിച്ചെത്തണമെന്നദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിന്‍റെ വർഗീയ ഫാസിസ്റ്റ് നയങ്ങളെ തുറന്നു വിമർശിച്ച സച്ചിൻ പൈലറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ബിജെപി സർക്കാർ വേട്ടയാടുന്നതായി കുറ്റപ്പെടുത്തി. നീതിന്യായ വ്യവസ്ഥ തന്നെ വെല്ലുവിളി നേരിടുന്ന കേരളത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കുറ്റപ്പെടുത്തി. പൂക്കോട്ടെ എസ്എഫ്ഐ അതിക്രമത്തെയും ദീപ ദാസ് മുൻഷി രൂക്ഷമായി വിമർശിച്ചു.

പുത്തരി കണ്ടത്തെ സമരാഗ്നി സമാപന വേദിയിൽ അക്ഷരാർത്ഥത്തിൽ ആവേശം അലകടലായി അലയടിച്ചു. സെക്രട്ടറിയേറ്റിന് സമീപത്ത് നിന്ന് പതിനായിരങ്ങൾ അണിനിരന്ന ഘോഷയാത്രയായിട്ടാണ് സമരാഗ്നി നായകരെ സമാപന വേദിയിലേക്ക് ആനയിച്ചത്.

Comments (0)
Add Comment