ചെലവ് ചുരുക്കല്‍ പ്രഹസനമാക്കി സർക്കാർ ; വിരമിച്ച ഇടതു സംഘടനാ നേതാവിന് ലോക കേരള സഭയുടെ സ്‌പെഷ്യല്‍ ഓഫിസറായി പുനർനിയമനം

Jaihind News Bureau
Monday, October 12, 2020

 

തിരുവനന്തപുരം :  ലോക കേരള സഭയുടെ പേരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സ്വജനപക്ഷ പാതം തുടർന്ന് സര്‍ക്കാര്‍. ലോക കേരള സഭയുടെ സ്‌പെഷ്യല്‍ ഓഫിസറായി ഭരണപക്ഷസംഘടന നേതാവ് ജി. ആഞ്ചലോസിനെ വീണ്ടും നിയമിച്ചു. ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തിയുള്ള  നിയമനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഉത്തരവിന്‍റെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സെക്രട്ടേറിയറ്റില്‍ നിന്നും വിരമിച്ച അഡീഷണല്‍ സെക്രട്ടറിയും സിപിഎം സര്‍വ്വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവുമായ ആഞ്ചലോസിന്‍റെ കരാര്‍ പുതുക്കി നല്‍കാനുള്ള നിര്‍ദ്ദേശം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. ലോക കേരള സഭയുടെ തുടര്‍നടപടികള്‍ക്കായി ലെയ്‌സണ്‍ ഓഫിസറെ നിയമിക്കണം എന്നതിന്‍റെ മറവിലാണ് സമ്മര്‍ദ്ദം ചെലുത്തി  കരാര്‍ വീണ്ടും പുതുക്കിയതെന്നാണ് ആരോപണം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കരാര്‍ നിയമനം ആയതിനാല്‍ തന്നെ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷനും അര്‍ഹതയുണ്ട്. കരാര്‍ വേതനം സംബന്ധിച്ച ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും എന്ന് പ്രവാസികാര്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

ധൂര്‍ത്ത് മേളയെന്ന് പേരുകേട്ട ഒന്നാം ലോക കേരള സഭയും രണ്ടാം ലോക കേരള സഭയും സാധാരണ പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണുന്നതിനോ ചെവി കൊടുക്കാനോ തയ്യാറായില്ലെന്ന് നേരത്തെ തന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് ലോക കേരള സഭ സംഘടിപ്പിച്ചത്. പ്രതിനിധികളുടെ ഭക്ഷണത്തിനുവേണ്ടി മാത്രം 63 ലക്ഷം രൂപയും താമസത്തിന് 23 ലക്ഷം രൂപയും ആണ് ചെലവഴിച്ചത്.

ഈ വര്‍ഷത്തെ ബജറ്റില്‍ 10 കോടി രൂപയാണ് ലോക കേരള സഭയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ഈ പണം പാര്‍ട്ടി നേതൃത്വത്തിനും സംഘടന നേതാക്കള്‍ക്കും ഗുണകരമായ രീതിയില്‍ ചെലവഴിക്കാനാണ് പുതിയ നിയമനങ്ങള്‍ എന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കൊവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും വോട്ട് ഉറപ്പാക്കാനുള്ള ഗിമ്മിക്കാണെന്നും  ആക്ഷേപമുണ്ട്.