ഓൺലൈൻ തട്ടിപ്പിൽ പരാതി നൽകിയിട്ടും അവഗണിച്ചു ; മ്യൂസിയം പൊലീസ് സ്റ്റേഷനെതിരെ മുൻ ഡിജിപി ആർ.ശ്രീലേഖ

Jaihind Webdesk
Wednesday, April 28, 2021

 

മ്യൂസിയം പൊലീസ് സ്റ്റേഷനെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ. പരാതിയുമായി മുൻ ഡിജിപി ആർ ശ്രീലേഖ. ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് പരാതി നൽകിയിട്ടും പൊലീസ് അവഗണിച്ചെന്ന് ശ്രീലേഖ പറയുന്നു. മുൻപും സമാന അനുഭവം ഉണ്ടായതായും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം പരാതി വിളിച്ചു പറഞ്ഞതല്ലാതെ രേഖാമൂലം ലഭിച്ചില്ലെന്നാണ് പോലീസിന്‍റെ വിശദീകരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

അല്പം മുൻപ് ഇംഗ്ലീഷ് ഭാഷയിൽ ഞാൻ ഇട്ട പോസ്റ്റ് പലർക്കും വായിക്കാൻ പറ്റിയില്ല, അതിന്റെ മുഴുവൻ പേജ് ഫോണിൽ കാണാൻ ആകുന്നില്ല, ആർക്കും മനസ്സിലായില്ല എന്നും മറ്റും പലരും പറഞ്ഞു.

നാല് മാസം മുൻപ് വരെ ഒരു IPS ഉദ്യോഗസ്ഥ, DGP റാങ്കിൽ വിരമിച്ചു, എന്നിട്ടും മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയിൽ മുഖാന്തിരം എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല. ഇതിൽ വിഷമം തോന്നി ഇട്ട FB പോസ്റ്റായിരുന്നു.

ഏപ്രിൽ 6 ന് ഓൺലൈൻ ആയി ഒരു bluetooth earphone ഓർഡർ ചെയ്തു. ക്യാഷ് ഓൺ ഡെലിവറി എന്ന രീതിയിൽ, അത് പൈസ പോകാതിരിക്കാനായി സൂക്ഷിച്ചു ചെയ്തതായിരുന്നു. 14 നു ഒരാൾ ഫോൺ ചെയ്തു പറഞ്ഞു, പാർസൽ ഇപ്പോൾ കൊണ്ട് വരും, രൂപ ഗേറ്റിനടുത്തു കൊണ്ട് വരണം, കോവിഡ് ആയതിനാൽ അകത്തു വരില്ല എന്ന്. ഞാൻ ഒരു ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാൽ രൂപ വീട്ടിലെ സഹായിയെ ഏല്പിച്ച ശേഷം പാർസൽ വന്നാൽ ഉടൻ തന്നെ എനിക്ക് തരണമെന്ന് പറഞ്ഞു. ഉച്ചക്ക് 12 മണിയോടെ പാർസൽ എനിക്ക് കിട്ടി, അപ്പോൾ തന്നെ എനിക്ക് പന്തികേട് മനസ്സിലായി ഞാൻ ശ്രദ്ധയോടെ അത് തുറന്നു. ഉള്ളിൽ പൊട്ടിയ പഴയ ഹെഡ്ഫോൺ ആയിരുന്നു. അപ്പോഴേക്കും കാശുമായി പയ്യൻ പോയിരുന്നു. ഉടൻ തന്നെ ഞാൻ അവൻ വിളിച്ച നമ്പറിൽ തിരികെ വിളിച്ചു സ്വയം പരിചയപ്പെടുത്തി, പാർസൽ എടുത്തു കാശ് തിരികെ നൽകാൻ പറഞ്ഞു. അവൻ പുച്ഛത്തോടെ മറുപടി പറഞ്ഞു, പോയി പോലീസിൽ പരാതി കൊടുക്കൂ, എന്ന്! കൂട്ടത്തിൽ പറയുകയും ചെയ്തു- എങ്കിലും കാശ് നിങ്ങൾക്ക് തിരികെ കിട്ടില്ല, എന്ന്! നിമിഷനേരത്തിൽ ഞാൻ മ്യൂസിയം ഇൻസ്‌പെക്ടറെ ഫോൺ ചെയ്തു. അദ്ദേഹം ഏതോ വലിയ കേസിന്റെ തിരക്കിലാണ് എന്ന് പറഞ്ഞു.

കുറ്റം പറയരുതല്ലോ, ആ ഉദ്യോഗസ്ഥൻ എന്നെ തിരികെ വിളിച്ചു. ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. ഉടൻ തന്നെ കാശുമായി പോയവനെ വിളിപ്പിച്ചാൽ അവൻ പാർസൽ എടുത്തു എന്റെ രൂപ തിരികെ നൽകുമെന്നും പറഞ്ഞു. കേരള പോലീസ് വെബ്സൈറ്റ് നോക്കി മ്യൂസിയം CI ക്ക് ഇമെയിൽ പരാതിയും അയച്ചു. അതൊപ്പം earphone ഓർഡർ ചെയ്ത വെബ്സൈറ്റ് -ലേക്കും പാർസൽ ഡെലിവർ ചെയ്ത ekart എന്ന സ്ഥാപനത്തിലേക്കും പരാതികൾ അയച്ചു. അതെല്ലാം വീണ്ടും CI ക്കു അയച്ചു കൊടുത്തു. രണ്ടാഴ്ച ഒരു വിവരവും ഇല്ലാതെ പോയി.

ഇതിനോടകം ബന്ധുക്കളും സുഹൃത്തുക്കളും പലരും പല പല ആവശ്യങ്ങളും ആയി എന്നെ വിളിക്കുന്നു- അവരുടെ പ്രശ്നത്തിന് ഞാൻ പോലീസ് സ്റ്റേഷനിൽ വിളിച്ചു പരിഹാരം ഉണ്ടാക്കണം എന്നൊക്കെ. എന്റെ സ്വന്തം കാര്യത്തിന് പോലും പരിഹാരം ഇല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

മുൻപും മൂന്നു തവണ ഇതേ പോലീസ് സ്റ്റേഷനിൽ എനിക്ക് പരാതികൾ നൽകേണ്ടി വന്നിട്ടുണ്ട്. ഒന്നിനും പരിഹാരം ലഭിച്ചിട്ടില്ല. രണ്ടു കേസുകൾ ഉണ്ടായിരുന്നത് പതിയെ എന്നെ അറിയിക്കാതെ എഴുതി തള്ളി. ഇതിലും എനിക്ക് പോയ കാശ് കിട്ടാൻ പോകുന്നില്ല.

എന്തായാലും ഇന്ന് ഞാനീ സംഭവം FB യിൽ ഇട്ടതിനു പിന്നാലെ മ്യൂസിയം SHO എന്നെ വിളിച്ചു. E mail കിട്ടിയില്ല എന്ന് പറഞ്ഞു! അദ്ദേഹം തന്ന പുതിയ ഇമെയിൽ അഡ്രസ്സിൽ ഞാൻ പഴയ പരാതി ഇന്ന് വീണ്ടും അയച്ചിട്ടുണ്ട്. എന്തെങ്കിലും നടന്നാൽ കൊള്ളാം!

ഇനി ഇമെയിൽ പരാതി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ അയക്കേണ്ടവർക്കായി പുതിയ ഇമെയിൽ അഡ്രസ്- [email protected]

ദയവായി grimsonz എന്ന വെബ്സൈറ്റിൽ പാതി വിലക്ക് ഇലക്ട്രോണിക് സാധനങ്ങൾ ലഭിക്കുന്നു എന്ന പരസ്യം കണ്ടാൽ വിശ്വസിക്കരുത്. ചതിയാണ്. EKART എന്ന ഡെലിവറി സ്ഥാപനത്തെ വിശ്വസിക്കരുത്. അവർ ചതിക്കും. ഓൺലൈൻ purchase ചെയ്യുമ്പോൾ ദയവായി COD option ഉപയോഗിച്ച്, പാർസൽ തുറന്നു നോക്കിയ ശേഷം മാത്രം കാശ് കൊടുക്കുക. കഴിയുന്നതും card ഉപയോഗിച്ച് മുൻകൂറായി പണം നല്കാതിരിക്കൂ.