ജമ്മു-കശ്മീരില്‍ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍; പരുക്കേറ്റ പ്രദേശവാസി മരിച്ചു

 

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ അനന്ത്നാഗിന് പിന്നാലെ കിഷ്ത്വറിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ നാട്ടുകാരന്‍ മരിച്ചു. അനന്ത്നാഗിലും ജമ്മുവിലെ കിഷ്ത്വറിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മുവിലെ കിഷ്ത്വറിൽ രണ്ടു ഭീകരർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. ഇവരെ കണ്ടെത്താനായുള്ള സൈനിക നടപടി തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്.

അതേസമയം ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലും ഏറ്റുമുട്ടൽ തുടരുകയാണ്. കൊക്കർനാഗിലെ അഹ്‌ലൻ ഗഗർമണ്ഡു വനമേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. ഡോഡ മേഖലയിൽ കഴിഞ്ഞ മാസം സൈന്യത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരാണ് അനന്തനാഗിൽ ഒളിച്ചിരിക്കുന്നതെന്നാണ് സൂചന. ഇവർ കൊക്കർനാഗ് മേഖലയിലേക്ക് കടന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞദിവസമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികർ വീരമൃത്യു വരിക്കുകയും മൂന്ന് സൈനികർക്കും നാട്ടുകാർക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടു നാട്ടുകാരുടെ നില ഗുരുതരമായി തുടരുകയാണ്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തു.

ജമ്മു-കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ആഴ്ച നേരിട്ട് വിലയിരുത്തിയിരുന്നു. ഈ സന്ദർശനത്തിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

Comments (0)
Add Comment