തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങിയ കെഎസ്‌യുവിന്‍റെ പ്രവർത്തന കലണ്ടർ പ്രകാരമുള്ള മേഖലാ ക്യാമ്പുകൾക്ക് നാളെ തുടക്കമാകും. തെക്കൻ കേരളത്തിൽ നിന്നുള്ള അഞ്ഞൂറോളം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാകും മെയ് 24, 25, 26 തീയതികളിൽ നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിൽ വെച്ച് സംഘടിപ്പിക്കുന്ന ത്രിദിന പഠന ക്യാമ്പിൽ പങ്കെടുക്കുക.
മെയ് 14, 15 തീയതികളിൽ രാമക്കൽമേട്ടിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിൽ വെച്ചാണ് മേഖലാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനം എടുത്തത്. വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ, സംവാദങ്ങൾ, ചർച്ചാ സദസുകൾ എന്നിവ ക്യാമ്പിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പതാക ഉയർത്തുന്നതോടെ പഠന ക്യാമ്പിന് തുടക്കമാകും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ചടങ്ങിൽ പങ്കെടുക്കും.
വൈകിട്ട് നാലിന് ചേരുന്ന ഉദ്ഘാടന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിക്കും. യുഡിഎഫ് കൺവീനർ എം.എം. ഹസൻ, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എഐസിസി, എൻഎസ്‌യുഐ ദേശീയ നേതാക്കൾ, മുൻ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു. അൻവർ അലി, രാജേഷ് കോമത്ത്, ഹരീഷ് വാസുദേവൻ, ജെ. ദേവിക, വിജയരാജമല്ലിക, ദേവി മനോജ് കുമാർ, ഷാഫി പുൽപ്പാറ തുടങ്ങിയവർ വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും.