ശബരിമലയിലെ രാത്രിയാത്രാനിരോധനം പൂര്‍ണമായും നീക്കി

webdesk
Thursday, November 22, 2018

ശബരിമലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പൂര്‍ണമായും നീക്കി. ഹൈക്കോടതി നിര്‍ദേശം കണക്കിലെടുത്താണ് നടപടി. സന്നിധാനത്തെ തിരക്ക് കുറഞ്ഞതും തീരുമാനത്തിന് പിന്നിലുണ്ട്. രാത്രിയില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകരെ തടയില്ലെന്ന് പോലീസ് വ്യക്തമാക്കി.

രാത്രി ഒമ്പത് മുതല്‍ രണ്ടു മണിവരെയാണ് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇനി 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തേക്കും യാത്രചെയ്യാം. നിലയ്ക്കലില്‍നിന്ന് ദിവസം മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തും. 15 മിനിട്ട് ഇടവിട്ടാവും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്.

സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവെക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം പോലീസ് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയാത്രാ നിരോധനവും നീക്കിയിട്ടുള്ളത്. അഞ്ച് ദിവസമായി പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഓരോന്നായി പിന്‍വലിക്കുന്നത്.

പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് ചൊവ്വാഴ്ച വൈകിട്ടുവരെ നിയന്ത്രണങ്ങള്‍ തുടര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് നിയന്ത്രണങ്ങള്‍ നീക്കിയ വിവരം ഐ.ജി ഭക്തരെ അറിയിച്ചത്.