ആസിയാ ബീബിക്ക് അമേരിക്കയിൽ അഭയം; യുഎസ് കോൺഗ്രസിൽ പ്രമേയം

Jaihind Webdesk
Saturday, February 2, 2019

Aasiya-Bibi

ആസിയാ ബീബിക്ക് അഭയം നൽകണമെന്ന് യുഎസ് കോൺഗ്രസിൽ പ്രമേയം. മതനിന്ദാക്കേസിൽ പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വീട്ടമ്മ ആസിയാ ബീബിക്ക് അമേരിക്കയിൽ അഭയം നൽകണമെന്ന് യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയത്തിൽ കെൻ കാൽവെർട്ടാണ് ആവശ്യപ്പെട്ടത്.

കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയാണ് ആസിയായെ കുറ്റവിമുക്തയാക്കിയത്. ഇതിനെതിരേ നൽകിയ റിവ്യു ഹർജി ചൊവ്വാഴ്ച തള്ളിയ സുപ്രീം കോടതി ആസിയായ്ക്ക് രാജ്യത്തോ പുറത്തോ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനു വിലക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ആസിയായ്ക്ക് അഭയം നൽകാമെന്നു കാനഡ സമ്മതിച്ചിട്ടുണ്ട്. അവരുടെ രണ്ടു മക്കൾ കാനഡയിലുണ്ട്. ആസിയാ ഉടൻ പാകിസ്ഥാൻ വിടുമെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജയിൽമുക്തയായെങ്കിലും തീവ്രവാദികളുടെ ഭീഷണി ഭയന്ന് ആസിയായെ സുരക്ഷിതകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇന്നലെയും ചില തീവ്രവാദ സംഘടനകളുടെ ആഹ്വാനപ്രകാരം പ്രക്ഷോഭം നടത്തിയെങ്കിലും അതു കാര്യമായ ചലനമുണ്ടാക്കിയില്ല.