കണ്ണൂർ എയർപോർട്ട് വികസനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ലോകസഭയിൽ കെ.സുധാകരൻ എം.പിയുടെ പ്രമേയം

Jaihind News Bureau
Friday, February 12, 2021

കണ്ണൂർ എയർപോർട്ട് വികസനത്തിന് കേന്ദ്ര സർക്കാറിന്‍റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കെ.സുധാകരൻ എം.പി ലോകസഭയിൽ പ്രമേയം അവതരിപ്പിച്ചു.

അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് എം.പി പ്രമയത്തിലൂടെ മുന്നോട്ടുവെച്ചത്. വിദേശ വിമാന കമ്പനികൾക്ക് അന്താരാഷ്ട സർവ്വീസുകൾ നടത്തുവാനുള്ള പോയിൻ്റ് ഓഫ് കോൾ പദവി നൽകണമെന്ന് എം.പി ആവശ്യപ്പെട്ടു.

കണ്ണൂർ എയർപോർട്ട് ഒരു ഇന്‍റീരിയൽ പോയൻ്റ് ആയതിനാൽ പോയിന്‍റ് ഓഫ് കോൾ പദവി നൽകാനാവില്ലന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ കണ്ണൂർ വിമാനതാവളം മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്നതിനാലും, പ്രവാസികളിൽ ഏറിയ പേർ ഈ മേഖലയിൽ താമസിക്കുന്നതിനാലും പോയിന്‍റ് ഓഫ് കോൾ പദവിക്ക് അർഹമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.

കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാന സർവ്വീസുകൾക്ക് വിലക്ക് നിലനിൽക്കുന്നതിനാൽ കണ്ണൂർ എയർ പോർട്ടിൽ വലിയ വിമാന സർവ്വിസുകൾക്ക് അനുമതി നൽകണമെന്നും, ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരുള്ളതിനാൽ മട്ടന്നൂർ എയർ പോർട്ട് ഹജ്ജ് എംബാർക്കിയേഷൻ പോയിൻ്റ് ആക്കി മാറ്റണമെന്നും, കേന്ദ്ര സർക്കാറിലേക്ക് തിരിച്ചടക്കേണ്ട എമിഗ്രേഷൻ, കസ്റ്റംസ്, സെക്യൂരിറ്റി സർവ്വീകളുടെ ചിലവുകൾ പോയിന്‍റ് ഓഫ് കോൾ പദവി ലഭിക്കുന്നതുവരെ നിർത്തിവയ്ക്കുവാനും എം.പി ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളിൽ നിന്ന് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ എയർപോർട്ടിൽ എത്തിക്കുമ്പോൾ പരിശോധിച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഫുൾ ടൈം ഹെൽത്ത്‌ ഓഫീസറെ നിയമിക്കണമെന്നും, പച്ചക്കറികളും, പഴവർഗ്ഗങ്ങളുടെയും ഇറക്കുമതി, കയറ്റുമതി ക്ലിയറൻസിനു വേണ്ടിയുള്ള പ്ലാൻ്റ് ക്വാറന്‍റൈൻ ഓഫീസറെ അടിയന്തിരമായി നിയമിക്കാനും കെ.സുധാകരൻ എം.പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.