പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് മേധാവി; എം.ആർ അജിത്കുമാര്‍ ആംഡ് പോലീസ് ബറ്റാലിയൻ എ‍‍‍ഡിജിപി

Jaihind Webdesk
Friday, July 8, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. പോലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലൻസിന്‍റെ ചുമതലയുള്ള എഡിജിപിയാക്കി.  ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായിരുന്ന കെ പത്മകുമാറിനെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായും നിയമിച്ചു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജിലൻസ് എഡിജിപി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയ എം.ആർ അജിത്കുമാറിന‌െ ആംഡ് പോലീസ് ബറ്റാലിയൻ എ‍‍‍ഡിജിപിയായി നിയമിച്ചു. ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയെ ബിവറേജസ് കോർപ്പറേഷന്‍റെ എംഡിയാക്കി. ബിവറേജസ് കോർപ്പറേഷന്‍റെ എംഡി സ്ഥാനം എഡിജിപി സ്ഥാനത്തിന് തത്തുല്യമാക്കി ഉയർത്തിയാണ് നിയമനം. ബിവറേജസ് കോർപ്പറേഷൻ എംഡിയായിരുന്ന എസ് ശ്യാം സുന്ദറിനെ ക്രൈം ഡിഐജിയായി നിയമിച്ചു.സെക്യൂരിറ്റി ഐജിയായിരുന്ന തുമല വിക്രത്തെ നോർത്ത് സോൺ ഐജിയായി നിയമിച്ചു. നോർത്ത് സോൺ ഐജിയായിരുന്ന അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായും നിയമിച്ചു.

കൊല്ലം സിറ്റി കമ്മിഷണറായിരുന്ന ടി നാരായണൻ പൊലീസ് ആസ്ഥാനത്ത് അഡീഷണൽ ഐജിയാകും. പൊലീസ് ആസ്ഥാനത്ത് എസ്പിയായിരുന്ന മെറിൻ ജോസഫാണ് പുതിയ കൊല്ലം കമ്മിഷണർ. കോഴിക്കോട് റൂറൽ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസിനെ സ്പെഷ്യൽ ബ്രാഞ്ച് (സെക്യൂരിറ്റി) എസ്പിയായി നിയമിച്ചു. ഇടുക്കി എസ്പി കറുപ്പുസ്വാമിയെ കോഴിക്കോട് റൂറൽ എസ്പിയായി നിയമിച്ചു. എറണാകുളം റൂറൽ എസ്പി കെ കാർത്തിക് കോട്ടയം എസ്‌പിയാകും. കോട്ടയം എസ്പിയായിരുന്ന ഡി ശിൽപയെ വനിതാ സെൽ എസ്പിയായി നിയമിച്ചു. ശില്‍പയ്ക്ക് വനിതാ ബറ്റാലിയൻ കമാൻഡന്‍റിന്‍റെ അധിക ചുമതലയും നല്‍കി.

വയനാട് എസ്പി അരവിന്ദ് സുകുമാറിനെ കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്‍റായി നിയമിച്ചു.  പോലീസ് ആസ്ഥാനത്തെ അഡീഷണൽ എഐജി ആർ ആനന്ദിനെ വയനാട് എസ്പിയായും നിയമിച്ചു. സംസ്ഥാന പോലീസിനെതിരെ നിരന്തരം വിമർശനം ഉയരുന്നതിനിടെയാണ് അഴിച്ചുപണിയെന്നതാണ് ശ്രദ്ധേയം.