തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുളള ശ്രമത്തിന് തിരിച്ചടിയായി സമാന്തര കിണർ നിർമ്മാണത്തിന് കാഠിന്യമുളള പാറകൾ; പ്രാർഥനയോടെ രാജ്യം

Jaihind News Bureau
Monday, October 28, 2019

തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ അകപ്പെട്ട രണ്ടു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കുട്ടി കുടുങ്ങി മണിക്കൂറുകൾ പിന്നിടുകയാണ്. കുട്ടിയെ ഇന്ന് തന്നെ പുറത്തെടുക്കും എന്ന ആത്മവിശ്വാസത്തിലാണ് രക്ഷാ പ്രവർത്തകർ.

തിരുച്ചിറപ്പള്ളി ജില്ലയിലെ നടുക്കാട്ടുപട്ടിക്കു സമീപം വെള്ളിയാഴ്ചയാണു കളിക്കുന്നതിനിടെ രണ്ടു വയസുകാരൻ സുജിത് വിൽസൺ കുഴൽക്കിണറിൽ വീണത്. ആദ്യഘട്ടത്തിൽ 30 അടി താഴ്ചയിലായിരുന്ന കുട്ടി പിന്നീട് നാൽപ്പതടിയിലേക്കും ഇന്നലെ നൂറടി താഴ്ചയിലേക്കും പതിച്ചത് രക്ഷാദൗത്യം ദുഷ്‌കരമാക്കി. സമാന്തരമായി മറ്റൊരു കുഴി തീർത്ത് കുട്ടിയെ പുറത്തെത്തിക്കാനാണു ശ്രമം. ഇതിനായി ഇന്നലെ പുലർച്ചെ അത്യാധുനികയന്ത്രം എത്തിച്ചു. എണ്ണ, പ്രകൃതി വാതക കോർപറേഷന്‍റെ (ഒ.എൻ.ജി.സി.) കുഴിക്കൽ യന്ത്രമാണ് നടുക്കാട്ടുപട്ടിയെത്തിച്ചത്.

പാറകൾ നിറഞ്ഞ പ്രദേശം തുരക്കുന്നതു കൂടുതൽ വേഗത്തിലാക്കാമെന്നാണു പ്രതീക്ഷ. തുരന്നു കൊണ്ടിരിക്കുന്ന കുഴിയിൽ ആറ് രക്ഷാപ്രവർത്തകർ ഇറങ്ങി നോക്കി. ദുരന്തനിവാരണസേന, അഗ്‌നിരക്ഷാസേന, പോലീസ് അടക്കം ആറോളം സംഘങ്ങളാണു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

കുട്ടിക്ക് ഓക്സിജൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കുഞ്ഞുമായി ഇതുവരെ ആശയവിനിമയം സാധിക്കാത്തതിലുള്ള ആശങ്ക അധികൃതർ പങ്കുവച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചരവരെ കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കാമായിരുന്നു. ഇതു നിലച്ചെങ്കിലും രക്ഷാപ്രവർത്തകർ പ്രതീക്ഷ കൈവിട്ടിട്ടില്ല. കൂടുതൽ ആഴങ്ങളിലേക്കു പതിക്കാതിരിക്കാൻ ‘എയർ ലോക്ക്’ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ഈർപ്പമുള്ള മണ്ണുപാളികളായതിനാൽ കുഞ്ഞിന്‍റെ ഇപ്പോഴത്തെ നില മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ബ്രിട്ടോ ആരോക്യ രാജീവ്- കലാ മേരി ദമ്പതികളുടെ രണ്ടാമത്തെ മകനാണു സുജിത് വിൽസൺ. കാർഷികാവശ്യങ്ങൾക്കാണു വീടിനടുത്ത് കുഴൽക്കിണർ നിർമിച്ചത്. വെള്ളം കിട്ടാതായതോടെ കുഴൽക്കിണർ ഉപേക്ഷിച്ചു. അടുത്തിടെ പെയ്ത മഴയിൽ കുഴൽക്കിണറിന്‍റെ മൂടി പോയെന്നാണു കരുതുന്നത്. ദുരന്തത്തിനു പിന്നാലെ ജില്ലയിലെ ഉപേക്ഷിച്ച കുഴൽക്കിണറുകൾ പൂർണമായും മൂടാൻ ഭരണകൂടം ഉത്തരവിട്ടു.