ട്രാക്ടർ റാലി നാളെ ; ഡല്‍ഹിയിലേക്ക് കൂടുതല്‍ കർഷകർ , ശക്തിപ്രകടനമാക്കാന്‍ നീക്കം

 

ന്യൂഡല്‍ഹി :  റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് അനുമതി ലഭിച്ചതോടെ മുന്നൊരുക്കം ശക്തമാക്കി കർഷക സംഘടനകൾ. ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ റാലിയിൽ അണിനിരക്കും. റാലി കണക്കിലെടുത്ത് ഡൽഹിയിൽ വൻ സുരക്ഷ  ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്ക് കർഷകൻ കത്തയച്ചു.

ഡൽഹി, യുപി, ഹരിയാന പൊലീസുമായി നടത്തിയ മാരത്തണ്‍ ചർച്ചകൾക്ക് ശേഷമാണ് ട്രാക്ടർ റാലിക്ക് അനുമതി ലഭിച്ചത്. ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ അണിനിരക്കുന്ന റാലി ശക്തി പ്രകടനമാക്കി മാറ്റാനാണ് കർഷകരുടെ നീക്കം. രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നുമുള്ള കർഷകർ റാലിയുടെ ഭാഗമാകും. സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന റാലി 250ൽ അധികം കിലോമീറ്റർ യാത്ര ചെയ്യും. സിംഘുവിൽ നിന്ന് ആരംഭിക്കുന്ന റാലി ഹരിയാനയിൽ അവസാനിക്കും. തിക്രിയിൽ നിന്ന് പുറപ്പെടുന്ന റാലി കെഎംപിയിലേക്ക് പര്യടനം നടത്തും. ഗാസിപ്പൂരിൽ നിന്ന് പുറപ്പെടുന്ന റാലി അപ്സര അതിർത്തിയിൽ അവസാനിക്കും.

റാലിക്ക് ഡൽഹിയിൽ പ്രവേശിക്കാനും അനുമതി ഉണ്ട്. തീർത്തും സമാധാനപരമായി ആയിരിക്കും റാലി എന്ന് സംഘടന നേതാക്കൾ അറിയിച്ചു. രാവിലെ 11.30 ന് റിപ്പബ്ലിക് ദിന പരിപാടികൾ അവസാനിച്ചതിനു ശേഷം മാത്രമേ റാലി ആരംഭിക്കൂ. ശക്തമായ പൊലീസ് സന്നാഹമാണ് ട്രാക്ടർ റാലിയോടനുബന്ധിച്ച് ഒരുക്കുന്നത്. പൊലീസിന് പുറമേ സിആർപിഎഫ് അർധ സൈനികർ ഉൾപ്പെടെ രംഗത്ത് ഉണ്ടാകും. അതിനിടെ ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന 308 പാകിസ്ഥാന്‍ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് അറിയിച്ചു.

Farmers ProtestTractor Rally
Comments (0)
Add Comment