തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് രാജ് പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിഷേധം അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സുതാര്യമായി നടത്തുന്നതിനും സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള കമ്മീഷന്റെ നടപടി പുനപരിശോധിക്കണം.2019 ലെ വോട്ടര്‍ പട്ടിക അംഗീകരിച്ച് ജനുവരിയില്‍ 18 വയസ് പൂര്‍ത്തിയാക്കിയവരെ ഉള്‍പ്പെടുത്തി പട്ടിക പ്രസിദ്ധീകരിക്കണമെന്നും സംഘം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് 2015 ലെ വോട്ടര്‍പട്ടിക. അങ്ങനെയെങ്കില്‍ 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പേരുചേര്‍ക്കല്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ വോട്ടര്‍മാര്‍ നടത്തി. 2015 ലെ വോട്ടര്‍ പട്ടിക ആധാരമാക്കുമ്പോള്‍ ഇത്തരം നടപടി ക്രമങ്ങള്‍ വീണ്ടും നടത്തേണ്ടി വരുന്നത് വോട്ടര്‍മാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാല്‍ നിലവിലെ തീരുമാനത്തില്‍ നിന്നും കമ്മീഷന് പിന്മാറണമെന്നും സംഘം ആവശ്യപ്പെട്ടു. സെന്‍സസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വാര്‍ഡ് വിഭജനം നടത്തുന്നതാണ് ഉചിതമെന്ന നിര്‍ദ്ദേശവും സംഘം കമ്മീഷന് സമര്‍പ്പിച്ചു.
വോട്ടർ പട്ടിക സംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ പരിതിയിലായതിനാല്‍ വിധി വരുന്നത് വരെ തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും എന്നാല്‍ സര്‍വ്വകക്ഷി യോഗം വിളിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും കമ്മീഷന് പ്രതിനിധി സംഘത്തെ അറിയിച്ചു. എന്‍.വോണുഗോപാല്‍, പി.എം.സുരേഷ് ബാബു, എം.മുരളി ജയന് ആനാട് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.