സമരം ചെയ്യുന്ന കായികതാരങ്ങള്‍ക്ക് പരിഹാസം; സംഘടന രൂപീകരിച്ച് കായികമന്ത്രിക്ക് മറുപടി

Jaihind Webdesk
Monday, December 6, 2021

 

തിരുവനന്തപുരം : സമരം ചെയ്യുന്ന കായികതാരങ്ങളെ പരിഹസിച്ച കായികമന്ത്രിക്ക് കേരളത്തിലെ ഏറ്റവും വലിയ സംഘടന രൂപീകരിച്ച് മറുപടി.  സമരം ചെയ്യുന്ന കായിക താരങ്ങള്‍ക്ക് എന്തെങ്കിലും സംഘടനയുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഇതിന് പിന്നാലെയാണ് സംഘടന രൂപീകരിച്ച് താരങ്ങള്‍ മന്ത്രിക്ക് മറുപടി നല്‍കിയത്.

‘സ്പോട്സ് ഈസ് മൈ ലൈഫ്’ എന്ന ആശയമുയര്‍ത്തിയുള്ള സംഘടനയുടെ പേര് അത്​ലറ്റിക് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നാണ്. ഒളിംപ്യന്‍ പി അനില്‍കുമാര്‍ പ്രസിഡന്‍റായ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 18ന് കൊച്ചിയില്‍ നടക്കും. ഒളിമ്പ്യന്‍ രഞ്ജിത് മഹേശ്വരിയാണ് വൈസ് പ്രസിഡന്‍റ് . സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി വഞ്ചിച്ച കായിക താരങ്ങളുടെ പ്രശ്നത്തിലാകും പുതിയ സംഘടനയുടെ ആദ്യ ഇടപെടല്‍. 18ന് കൊച്ചിയില്‍ ലോഗോ പ്രകാശനവും ഉദ്ഘാടനവും നടക്കും. ദ്രോണാചാര്യ, അര്‍ജുന പുരസ്കാര ജേതാക്കളെ ചടങ്ങില്‍ ആദരിക്കും. കൊച്ചിയില്‍ നടന്ന അവലോകനയോഗത്തില്‍ ഒളിമ്പ്യന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

അതേസമയം ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സർക്കാർ വഞ്ചിച്ച കായികതാരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു.  യോഗ്യതയുള്ളവര്‍ പുറത്തിരിക്കുമ്പോള്‍ രേഖകളില്‍ കൃത്രിമം കാട്ടി അടുപ്പക്കാര്‍ക്ക് നിയമനം നല്‍കിയതായാണ് ആക്ഷേപം. ഡിസംബര്‍ 1 മുതലാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ കായികതാരങ്ങള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

സർക്കാർ ജോലി നല്‍കി എന്ന് പ്രചരിപ്പിച്ച പലരുടെയും സ്ഥിതി ദയനീയമാണ്. ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട കായിക താരങ്ങളില്‍ പലരും ഇന്നും ദുരിത ജീവിതമാണ് നയിക്കുന്നത്. ഉപജീവനത്തിന് കഷ്ടപ്പെടുന്ന അവസ്ഥയിലാണ് പലരും. യോഗ്യതയുള്ളവരെ പരിഗണിക്കാതെ അടുപ്പക്കാരെ നിയമിച്ചതായും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങള്‍ ബോധ്യമുണ്ടായിട്ടും കായിക വകുപ്പോ, സ്പോട്സ് കൗണ്‍സിലോ പ്രശ്നത്തില്‍ ഇടപെടാന്‍ തയാറാകുന്നില്ല.  ഈ സാഹചര്യത്തിലാണ് കായികതാരങ്ങള്‍ സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. രാജ്യത്തിന്‍റെ അഭിമാനം ഉയർത്തിയ കായിക താരങ്ങളെ സമരത്തിലേക്ക് തള്ളിവിട്ടത് ശരിയല്ലെന്ന് ഒളിമ്പ്യൻ പിടി ഉഷ പ്രതികരിച്ചു. ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ അത് നല്‍കണമെന്നും പിടി ഉഷ പറഞ്ഞു.