പരിസ്ഥിതി ലോലം: നിയന്ത്രണങ്ങള്‍ നീക്കിയുള്ള പുതിയ ഉത്തരവ് UDF ശ്രമത്തിന്‍റെ വിജയം; ജനങ്ങളെ കബളിപ്പിച്ചതിന് ഇടതു മുന്നണി മാപ്പ് പറയണം

Jaihind Webdesk
Saturday, December 8, 2018

Ramesh-Chennithala

തിരുവനന്തപുരം: കസ്തൂരി രംഗന്‍ സമിതി പരിസ്ഥിതി ലോലപ്രദേശമായി  ശുപാര്‍ശ ചെയ്തതില്‍ നിന്ന് 3115 ചതുരശ്ര കിലോമീറ്ററിലെ നിയന്ത്രണങ്ങള്‍  ഒഴിവാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ്  യു.ഡി.എഫ് സര്‍ക്കാരിന്‍റെ ശ്രമങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകള്‍ മുഴുവന്‍ ഇതോടെ നീങ്ങിയിരിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു.  കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് നിലപാട് തട്ടിപ്പാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് വോട്ട് പിടിച്ച ഇടതു മുന്നണി ഈ ഉത്തരവിന്‍റെ വെളിച്ചത്തില്‍ മാപ്പ് പറയണം.

കസ്തൂരി രംഗന്‍ സമിതി പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയ 123 വില്ലേജുകളിലെ 13108 ചതുരശ്ര കിലോമീറ്ററില്‍ ജനവാസ മേഖലയായ 3115 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്ന യു.ഡി.എഫ് സര്‍ക്കാരിന്‍റെ ആവശ്യം അതേ പടി അംഗീകരിച്ചാണ് കേന്ദ്രം 2014ല്‍ കരട് വിജ്ഞാപനം ഇറക്കിയത്.വിജ്ഞാപനം പിന്നീട് പുതുക്കിയപ്പോഴും മാറ്റമൊന്നും വരുത്തിയിരുന്നില്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രായോഗിക തലത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി.ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ചായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ അതില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് പിണറായി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിക്കാതെയാണ് പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ 9993 ചതുരശ്ര കിലോമീറ്ററിലായി ചുരുങ്ങിയിരിക്കുകയാണ്. ഇതിന്മേല്‍ ഇടതു മുന്നണി അവകാശ വാദങ്ങളൊന്നും ഉന്നയിക്കേണ്ടതില്ല.

സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് 2014ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ 3115 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ ഒഴിവാക്കിയിരുന്നെങ്കിലും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് അടുത്തിരുന്ന സമയത്ത് പുറപ്പെടുവിച്ച കരട് വിജ്ഞാപനം നിലനില്‍ക്കുകയില്ലെന്ന് വ്യാജപ്രചാരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ഇടതു മുന്നണി ശ്രമിച്ചത്. ഇത് മൂലം കഷ്ടത അനുഭവിച്ചത് ഇടുക്കിയിലേയും വയനാട്ടിലെയും മലയോര ജനങ്ങളായിരുന്നു. ഇടുക്കിയിലെ 47 വില്ലേജുകള്‍ പൂര്‍ണ്ണമായും ഇ.എസ്.എയുടെ നിയന്ത്രണത്തിലാണെന്ന കുപ്രചാരണം അവിടത്തെ കര്‍ഷകരെ വലച്ചു.

ഭൂമിയുടെ വിലയേയും ക്രയവിക്രയത്തേയും ബാധിച്ചു. നിസ്സഹായരായ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ഭൂമാഫിയകള്‍ക്ക് ഇത് അവസരം നല്‍കി. കുറഞ്ഞ വിലയക്ക് അവ്ര# ഭൂമി തട്ടിയെടുത്തു. വയനാട്ടിലും ഇത് തന്നെ സംഭവിച്ചു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി കുപ്രചരണം നടത്തിയ ഇടതു മുന്നണി ഇത്തരത്തില്‍ വലിയ കര്‍ഷക ദ്രോഹമാണ് ചെയ്തത്. അതിനാല്‍ ഇനിയെങ്കിലും ജനങ്ങളുടെ മുന്‍പില്‍ മാപ്പ് പറഞ്ഞ് യാഥാര്‍ത്ഥ്യം അംഗീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.[yop_poll id=2]