പൊലീസ് നിയമഭേദഗതി: റിപീലിംഗ് ഓർഡിനൻസ് ഇന്ന് ഗവർണറുടെ മുന്നിലേയ്ക്ക്; ഗവർണറുടെ നിലപാട് നിർണായകം; റിപീലിംഗ് ഓർഡിനൻസ് സംസ്ഥാന നിയമസഭ ചരിത്രത്തിൽ ആദ്യം

Jaihind News Bureau
Wednesday, November 25, 2020

വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച മന്ത്രിസഭാ തീരുമാനം ഇന്ന് ഗവർണറെ അറിയിക്കും. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള പൊലീസ് നിയമഭേദഗതി ഓർഡിനൻസ് പിൻവലിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഇന്ന് ഗവർണർക്ക് അയക്കുമ്പോൾ ഇക്കാര്യത്തിൽ ഗവർണർ വിശദീകരണം തേടിയേക്കുമെന്നാണ് സൂചന. നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് പരാതികൾ വന്നതിന് ശേഷം മൂന്നാഴ്ചയോളം കാത്തിട്ടായിരുന്നു ഗവർണർ ഒപ്പിട്ടത്.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ശുപാർശ ചെയ്ത ഓർഡിനൻസ് ഗവർണർ അംഗീകരിച്ചതിന് ശേഷം വീണ്ടും റദ്ദാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ഗവർണറിലേയ്‌ക്കെത്തുന്നത്. മാത്രവുമല്ല ഓർഡിനൻസ് ഗവർണർ ഒപ്പിടുന്നതിന് മുമ്പ് തന്നെ പൊതുസമൂഹത്തിൽ വൻ വിവാദം സൃഷ്ടിച്ചതാണ്. അതുകൊണ്ടുതന്നെ റദ്ദാക്കണമെന്ന ഓർഡിനൻസ് ഒപ്പിടുന്നതിന് മുമ്പ് ഗവർണർ സർക്കാരിൽ നിന്നും ഇനിയും വിശദീകരണം തേടുമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.

നിയമഭേദഗതി പിൻവലിക്കാനുള്ള അസാധാരണ നടപടിയുമായി റിപീലിംഗ് ഓർഡിനൻസ് ഗവർണറോട് ശുപാർശ ചെയ്യുമ്പോൾ അത് സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ സംഭവവുമാണ്. വിവാദ ഓർഡിനൻസ് ഒപ്പിട്ടു നൽകി നാല് ദിവസത്തിന് ശേഷമാണ് അത് പിൻവലിക്കണമെന്ന ആവശ്യവുമായി റിപീലിംഗ് ഓർഡിനൻസുമായി സർക്കാർ ഗവർണർക്ക് മുന്നിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഗവർണറുടെ വിശദീകരണത്തിന് ശക്തവും വ്യക്തവുമായ മറുപടി ഗവൺമെന്റ് നൽകേണ്ടി വരും മാത്രവുമല്ല. കാര്യങ്ങളെ സൂക്ഷ്മതയോടെ അപഗ്രഥിക്കുകയും പഠിക്കുകയും ചെയ്യുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെപ്പോലും ഈ പ്രശ്‌നത്തിൽ സർക്കാർ വെട്ടിലാക്കുകയും ചെയ്തു. റിപീലിംഗ് ഓർഡിനൻസ് ഗവർണർ പുറപ്പെടുവിക്കുമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുമുന്നണി സർക്കാരിന്റെ വഴിവിട്ട നീക്കങ്ങൾക്ക് എല്ലാം ഗവർണർ കയ്യൊപ്പ് ചാർത്തുന്നു എന്ന പരാതിയും ഉയർന്നുവരും. അതുകൊണ്ടുതന്നെ സൂക്ഷ്മതയോടെ മാത്രമായിരിക്കും റിപീലിംഗ് ഓർഡിനൻസിൽ ഗവർണർ ഒപ്പിടുക.