രൺജീത് ശ്രീനിവാസൻ വധക്കേസ്; ശിക്ഷാവിധി ഈ മാസം 30ന്

ആലപ്പുഴ: ബിജെപി ഒബിസി മാേർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാവിധി ഈ മാസം 30ന്.  മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരായ 15 പേരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് 15 പ്രതികളെയും കോടതി നേരിട്ട് കേട്ട ശേഷമാണ് ശിക്ഷ തിയതി പ്രഖ്യാപിച്ചത്.

പലരും കുടുംബത്തെ പറ്റിയുള്ള ആശങ്കയും ആരോഗ്യ പ്രശ്നങ്ങളും തുറന്നു പറഞ്ഞു. കൊലപാതക കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നു അഞ്ചാം പ്രതിയും ശിക്ഷിക്കപ്പെട്ടാൽ തന്നെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ആറാം പ്രതിയും കോടതിയോട് അഭ്യർത്ഥിച്ചു.  പ്രതികളുടെ സാമൂഹിക പശ്ചാത്തലം, ജയിലിലെ പെരുമാറ്റം, മാനസികാരോഗ്യ റിപ്പോർട്ട് എന്നിവ കോടതി പരിഗണിച്ചു. പ്രതികൾക്ക് മനപരിവർത്തനത്തിനുള്ള അവസരം കൊടുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. രഞ്ജിത്ത് ശ്രീനിവാസന്‍റെ ഭാര്യയും അമ്മയും മക്കളും കോടതിയിൽ എത്തിയിരുന്നു.

2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. കേസിൽ 90 ദിവസം കൊണ്ട് കുറ്റപത്രം തയ്യാറാക്കുകയും 9 മാസം കൊണ്ട് വിചാരണ പൂർത്തിയാക്കുകയും ചെയ്തു.

Comments (0)
Add Comment