ന്യൂഡല്‍ഹി : ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചതിന്റെ ഉത്തരവാദിത്വം ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്ര സർക്കാരിനെന്ന് ശശി തരൂര്‍ എം.പി. പദ്ധതികളുടെ പേര് ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ്പ് ഇന്ത്യ എന്നാക്കി മാറ്റണമെന്നും തരൂര്‍ പരിഹസിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതേതരത്വത്തെ തകർക്കുന്ന നടപടികളാണ് ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഹിന്ദു – മുസ്ലീം, നിങ്ങള്‍ – ഞങ്ങള്‍ എന്നൊക്കെയായി വിഭജിക്കുകയാണ് കേന്ദ്ര സർക്കാര്‍ ചെയ്യുന്നത്. രാജ്യത്തിന്റെ ആത്മാവിനെ രണ്ടായി വിഭജിച്ചതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് എല്ലാം സംരംഭങ്ങളും തിരിച്ചടി നേരിടുകയാണ്. പദ്ധതികളുടെ പേര് ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ്പ് ഇന്ത്യ എന്ന് മാറ്റുന്നതാവും ഉചിതമെന്നും തരൂര്‍ പരിഹസിച്ചു.
ജമ്മു-കശ്മീരില്‍ കേന്ദ്രം നടത്തിയ ഇടപെടലുകള്‍ക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യം നേരിടുന്ന ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയെ നേരിടാനുള്ള ധാർമിക ഉത്തരവാദിത്വം സർക്കാർ റദ്ദാക്കുകയാണെന്ന് ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളെക്കുറിച്ച് പരാമർശിച്ച ശശി തരൂർ എം.പി പറഞ്ഞു. ചരിത്രം വളച്ചൊടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെയും അദ്ദേഹം പരിഹസിച്ചു. എത്ര പേരുകള്‍ മായിക്കാന്‍ ശ്രമിച്ചാലും ചരിത്രം തിരുത്താനാവില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ആശയക്ഷാമം നേരിടുന്ന ദീര്‍ഘവീക്ഷണമില്ലാത്ത സര്‍ക്കാരാണ് മോദി സർക്കാരെന്നും അദ്ദേഹം പറഞ്ഞു.