താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; ട്രംപിന്റെ പ്രചാരകനല്ല: ട്രംപിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച മോദിക്കെതിരെ വിമര്‍ശവുമായി ആനന്ദ് ശര്‍മ്മ

Jaihind Webdesk
Monday, September 23, 2019

നരേന്ദ്ര മോദിയുടെ ഹൗഡി മോദി പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രചാരണം നടത്തരുതെന്നും ആനന്ദ് ശര്‍മ പറഞ്ഞു. ഞായറാഴ്ച രാത്രി ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം.

‘ മറ്റൊരു രാജ്യത്തെ തെരഞ്ഞെടുപ്പില്‍ ഇടപെടരുതെന്ന തത്ത്വം മോദി ലംഘിച്ചു. യു.എസിലേയും ഇന്ത്യയിലേയും ജനാധിപത്യ മൂല്യങ്ങളേയും ലംഘിച്ചു.’- രാജ്യസഭാ എം.പികൂടിയായ ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തു. യു.എസും ഇന്ത്യയും തമ്മില്‍ എക്കാലവും ഉഭയകക്ഷി ബന്ധമുണ്ടെന്നും മോദിയുടെ ഇപ്പോഴത്തെ നടപടി യു.എസിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ട്രംപിന് മതിപ്പുണ്ടാക്കാന്‍ കാരണമായിയെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി, മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര തെരഞ്ഞെടുപ്പില്‍ ഇടപെടരുതെന്ന ഇന്ത്യന്‍ വിദേശനയത്തിന്റെ കാലാനുസൃതമായ തത്ത്വം നിങ്ങള്‍ ലംഘിച്ചു. അമേരിക്കന്‍ ഐക്യനാടുകളുമായുള്ള ഞങ്ങളുടെ ബന്ധം ഉടനീളം ഉഭയകക്ഷി, റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റുകള്‍ എന്നിവയായിരുന്നു. ട്രംപിനു വേണ്ടിയുള്ള നിങ്ങളുടെ സജീവമായ പ്രചാരണം ഇന്ത്യയുടേയും യു.എസിന്റേയും പരമാധികാര, ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണ്.’-ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തു.