വിശപ്പകറ്റാന്‍ മണ്ണ് തിന്നുന്നവന്‍റെ മുഖ്യമന്ത്രിക്ക് ജപ്പാനില്‍ സുഖം തന്നെയോ ? ആ കുഞ്ഞുങ്ങളുടെ വിശപ്പിന്‍റെ ചൂട് അങ്ങയെ പൊള്ളിക്കാതിരിക്കട്ടെ…

Jaihind Webdesk
Monday, December 2, 2019

പാവപ്പെട്ടവന്‍റെ പാർട്ടി ഭരിക്കുന്ന കേരളത്തിലാണ് ഇതും സംഭവിച്ചത്… സർക്കാർ ഒപ്പമുണ്ടെന്ന് ആവർത്തിക്കുന്ന പിണറായി വിജയന്‍റെ ഭരണത്തിന് കീഴില്‍… വികസിത കേരളത്തില്‍ വിശപ്പടക്കാന്‍ മണ്ണ് വാരിത്തിന്നുന്ന കുഞ്ഞുങ്ങള്‍… ‘ഇരട്ടച്ചങ്കുള്ള’ മുഖ്യമന്ത്രീ, ഇത് വല്ലതും അറിയുന്നുണ്ടോ ? ജപ്പാനില്‍ താങ്കള്‍ക്കും പരിവാരങ്ങള്‍ക്കും സുഖം തന്നെയെന്ന് കരുതുന്നു… ഒന്നര വർഷമേ ബാക്കിയുള്ളൂ… ചുറ്റിയടിക്കാന്‍ ഇനിയും രാജ്യങ്ങളേറെയുണ്ട്.

ആശ്രിതർക്കും അടുപ്പക്കാർക്കുമെല്ലാം ഉന്നത തസ്തികകളില്‍ നിയമനം ലഭിച്ചല്ലോ… ഇഷ്ടക്കാര്‍ക്ക് വാരിക്കോരി നല്‍കാന്‍ ക്യാബിനറ്റ് റാങ്കുകള്‍ ഇനിയുമുണ്ടല്ലോ… റെയില്‍വേ കോളനിയിലെ ആ പാവപ്പെട്ടവളും ഇന്നാട്ടിലെ ഒരു പ്രജ തന്നെയാണ്. വോട്ടെടുപ്പ് അടുക്കുമ്പോഴെങ്കിലും ഓർക്കണം സഖാവെ ആ വോട്ടറെ…

സംസ്ഥാനം ഒന്നാമതെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പാടുന്ന ഇടത് സര്‍ക്കാരിന്‍റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ഭരണസിരാകേന്ദ്രത്തിന്‍റെ മൂക്കിന് കീഴില്‍ വിശപ്പടക്കാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മണ്ണ് വാരിത്തിന്നേണ്ടി വന്ന ദുരവസ്ഥ. ഒരു ഭരണാധിപന്‍റെ പരാജയമാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്.

ദാരിദ്ര്യനിർമാർജനത്തില്‍ ഒന്നാം സ്ഥാനത്തെന്ന് അവകാശപ്പെടുന്ന നമ്മുടെ കേരളത്തിലാണ് ഈ സംഭവം. സംസ്ഥാനത്തെ ആകെ ലജ്ജിപ്പിക്കുന്നു ഈ ദുരവസ്ഥ… അല്ലയോ മുഖ്യമന്ത്രീ, ഇനിയും  തുടരണം ധൂർത്ത്… സാമ്പത്തിക പ്രതിസന്ധിയെന്ന് വിലപിക്കുമ്പോഴും സംസ്ഥാനത്തിന് പ്രയോജനമില്ലാതെ കുടുംബസമേതം വിദേശയാത്രകള്‍ നടത്തണം…  കോടികള്‍ മുടക്കി ഹെലികോപ്റ്ററുകള്‍ വാങ്ങണം… ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങാനും നീക്കിവെക്കണം കോടികള്‍… സംസ്ഥാനം ഒന്നാമതെത്താന്‍ ഇതൊക്കെയല്ലേ അനിവാര്യം ! ഈ കോടികളുടെ കണക്കിന് മുന്നില്‍ വിശപ്പിന്‍റെ കണ്ണീരിന് എന്ത് വില ?

മറക്കരുത്…  ആ പിഞ്ച് കുഞ്ഞുകള്‍ മണ്ണ് തിന്നേണ്ടിവന്നത്  വിശപ്പകറ്റാനാണ്…  ഇനിയും ഇതുപോലെ നിരവധി പേരുണ്ടാകും ഈ കേരളത്തില്‍… ധൂർത്തിന്‍റെ പരമ്പര തുടരുമ്പോള്‍ ഇവരുടെ വിശക്കുന്ന മുഖം കൂടി ഒന്നോർക്കണം… സർക്കാരിന്‍റെ മേനി പറയാന്‍ പരസ്യത്തിനായി ഇനിയും കോടികള്‍ ചെലവഴിക്കുമല്ലോ… ആ പിഞ്ചുകുഞ്ഞുങ്ങളുടെ വിശപ്പിന്‍റെ ചൂട് അങ്ങയെ പൊള്ളിക്കാതിരിക്കട്ടെ…