കണ്ണൂര്‍ : സ്വർണ്ണക്കടത്ത് കേസില്‍ സ്പീക്കർക്കെതിരെ സ്വപ്നയുടെ മൊഴി ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് രാജിവെച്ച് അന്വേഷണത്തിന് വിധേയനാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്യമായ രീതിയില്‍ ചോദ്യം ചെയ്യലുണ്ടായാല്‍ സത്യം പുറത്തുവരുമെന്നും പ്രതിപക്ഷനേതാവ്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നും കേരളത്തില്‍ എത്തിയ ഷാർജ ഭരണാധികാരിയോട് രഹസ്യമായി ഭൂമി ആവശ്യപ്പെട്ടെന്നുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ട സ്വപ്നയുടെ മൊഴി. വിദേശ നിക്ഷേപമുള്ള സ്പീക്കർ ഷാര്‍ജയില്‍ തുടങ്ങാനിരുന്ന സ്ഥാപനത്തിന്റെ ചുമതലക്കാരിയായി സ്വപ്നയെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നെന്നും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും പദ്ധതിയില്‍ പങ്കാളിയാണെന്നും മൊഴിയില്‍ പറയുന്നു.
ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണനാണ് ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹർജിയിലാണ് സ്വപ്നയുടെ മൊഴികളും പ്രതിപാദിച്ചിരിക്കുന്നത്. പൊന്നാനി സ്വദേശിയും ഒമാനില്‍ ‘മിഡില്‍ ഈസ്റ്റ് കോളേജ്’ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയുമായ ലഫീര്‍ മുഹമ്മദിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ശിവശങ്കറും സ്പീക്കറും ചേര്‍ന്നാണ് തന്നെ ലഫീറിനെ പരിചയപ്പെടുത്തിയതെന്ന് സ്വപ്ന പറയുന്നു.