രാജ്യം ഗാന്ധി സ്മരണയിൽ; മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 72 വയസ്സ്; രാജ്യമെങ്ങും അനുസ്മരണ പരിപാടികൾ

ഇന്ന് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി ഇന്ത്യ എന്ന് മഹാരാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ദിനം. ഇന്ത്യ എന്ന് ഒറ്റ വികാരത്തിൽ രാഷ്ടത്തെ മുന്നോട്ട് നയിച്ച് രാഷ്ട്രപിതാവ്. പകരം വെയ്ക്കാനില്ലാത്ത ഈ ബാപ്പുജിക്ക് മുന്നിൽ പ്രണമിക്കുകയാണ് ഭാരതം. രക്തസാക്ഷി ദിനമായ ഇന്ന് കെ.പി.സി.സിയിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടത്തും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 9.30നാണ് ചടങ്ങ്.

മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മനുഷ്യൻ എക്കാലവും ലോകത്തിന് ഒരത്ഭുതമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും കഷ്ടപ്പെടുന്ന ജനസമൂഹത്തിനുമായി സ്വയം സമർപ്പിതമായ വ്യക്തിത്വം. ആ കർമ്മകാണ്ഡത്തെ ലോകം അത്ഭുതാദരങ്ങളോടെയാണ് നോക്കിക്കണ്ടത്. ചിതറിക്കിടന്നിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ ദാഹത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റിയ എളിയ മനുഷ്യൻ. ഗാന്ധിജി എന്ന മഹാത്മാവിന്‍റെ സമരവീര്യത്തിലൂടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സിംഹഗർജ്ജനം മുഴക്കി ഇന്ത്യ സ്വാതന്ത്ര്യമെന്ന പ്രാണൻ സ്വായത്തമാക്കിയത്. തന്‍റെ ജീവിതംകൊണ്ട് ലോകത്തിനായി ഒട്ടേറെ സന്ദേശങ്ങൾ അദ്ദേഹം കരുതിവച്ചു.

ഹിംസയെ അഹിംസയുടെ തെളിനാളം കൊണ്ട് ജയിക്കാമെന്ന സമരായുധം പ്രാവർത്തികമാക്കിയപ്പോൾ ലോകം ഗാന്ധിജിയെന്ന നേതാവിന്റെ ഹൃദയശക്തികൂടിയാണ് തിരിച്ചറിഞ്ഞത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഹൃദയം സംഘർഷങ്ങളാൽ കലുഷിതമായപ്പോഴും മുറിവുണക്കാൻ മനുഷ്യത്വത്തിന്റെ ആ മൂർത്തീരൂപം അഹോരാത്രം പ്രയത്‌നിച്ചു. സത്യനിഷ്ഠയുടെ വഴിയിൽ അനുഗാമിയില്ലാത്ത പഥികൻ ശത്രുവായി ആരെയും കണ്ടില്ല. എന്നിട്ടും മഹാത്മജിയുടെ നെഞ്ചിലേക്ക് നാത്തൂറാം വിനായക് ഗോഡ്‌സെയെന്ന അതിവൈകാരികതയുടെ നിറതോക്ക് തീ തുപ്പിയപ്പോൾ ഒരു രാഷ്ട്രത്തിന്‍റെ മനസ്സൊന്നാകെയാണ് തേങ്ങിയത്. മനുഷ്യത്വത്തിന്റെ മാത്രം വക്താവായ ഗാന്ധിയെന്ന മഹാനുഭാവനെ അതോടെ നിശ്ശബ്ദനാക്കാമെന്ന് വിചാരിച്ചവർക്ക് തെറ്റി. അതിവൈകാരികതയുടെ വിഷവിത്തുകൾ ഇന്ത്യയുടെ ഗ്രാമ്യഹൃദയങ്ങളെ മുറിവേൽപ്പിക്കാനൊരുങ്ങുമ്പോഴൊക്കെ ഗാന്ധിയെന്ന ഒറ്റനാമം കോടാനുകോടി ഹൃദയമന്ത്രങ്ങളായി ഉയരുന്നു. മഹാത്മാ ഗാന്ധി എന്ന മനുഷ്യൻ കേവലം ഒരു വ്യക്തിയല്ല, ഭാരതമെന്ന മഹാരാജ്യത്തിന്‍റെ വികാരം തന്നെയാണ്. എങ്കിലും 1948 ജനുവരി 30ന് രാജ്യത്തിനായി ജീവൻ വെടിഞ്ഞ ആ മഹാത്മാവിന്‍റെ ആഗ്രഹത്തിനൊത്ത് ഉയരാൻ ഇന്നും നമ്മുടെ രാജ്യത്തിനായിട്ടില്ലല്ലോ എന്ന ഓർമപ്പെടുത്തലോടെ ….

Mahatma Gandhi
Comments (0)
Add Comment