മോഫിയ പർവീണിന് നീതി തേടി സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ ആരോപണവുമായി പൊലീസ്

Jaihind Webdesk
Saturday, December 11, 2021

ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീണിൻ്റെ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ആരോപണവുമായി പൊലിസ്.കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത യുത്ത് കോൺഗ്രസ് പ്രവർത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പോലീസ് തീവ്രവാദ ബന്ധം ആരോപിച്ചത്.കസ്റ്റഡി അപേക്ഷയുടെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ആലുവ എസ്പി ഓഫീസിലേക്ക് നടന്ന മാർച്ചുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത കെ.എസ്.യു ആലുവ നിയോജക മണ്ഡലം പ്രസിഡൻ്റ് അൽ അമീൻ അഷ്റഫ്, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എ.കെ നജീബ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി എന്നിവര്‍ക്കെതിരെയാണ് പൊലീസിന്‍റെ തീവ്രവാദി ആരോപണം. കസ്റ്റഡി അപേക്ഷയിലായിരുന്നു പരാമര്‍ശം.

ഇടതു സർക്കാറിന്‍റെ ന്യൂനപക്ഷ വേട്ടയുടെ നേർ ചിത്രമാണ് കസ്റ്റഡി അപേക്ഷയിലൂടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇസ്ലാം നാമധാരികൾ ആയതിൻ്റെ പേരിൽ മാത്രം കോൺഗ്രസ് പ്രവർത്തകരെ തീവ്രവാദ മുദ്ര കുത്താൻ ശ്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.പൊതു പ്രവർത്തകർക്കെതിരെ മനപ്പൂർവ്വം വിരോധം വെച്ചു തീവ്രവാദ ബന്ധം ആരോപിച്ചതാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇതോടെ പൊലീസിന്‍റെ ആരോപണം കോടതി തള്ളി.

അതെസമയം പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിനെതിരെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് രംഗത്തുവന്നു. പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹവും ഈ രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ജനാധിപത്യരീതിയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും, അതിന്‍റെ പ്രവര്‍ത്തകരോടുമുള്ള അവഹേളനമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കുന്നത്. ഈ തീവ്രവാദി ബന്ധം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത് സര്‍ക്കാരിന്‍റെ അറിവോടുകൂടി ആണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു. എസ്.പിയെ ഫോണില്‍ വിളിച്ച്‌ അന്‍വര്‍ സാദത്ത് എംഎല്‍എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.