നിപയില്‍ ആശ്വാസം; ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. നാല് പേരും ഡബിൾ നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.നെഗറ്റീവായ നാല് രോഗികളെയും ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു.

കോഴിക്കോട് ഇടവേളകളിൽ നടത്തിയ രണ്ട് നിപ പരിശോധനകളും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നെഗറ്റീവായ നാല് രോഗികളെയും ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു. ഇതോടെ നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരും ഹോം ഐസൊലേഷനിലേക്ക് മാറും. അതീവ ഗുരുതരാവസ്ഥയിൽ 6 ദിവസം വെന്റിലേറ്ററിൽ കിടന്ന 9 വയസ്സുകാരൻ്റെ ജീവൻ രക്ഷിക്കാനായത് വലിയ നേട്ടമാണെന്ന് മിംസ് ആശുപത്രി അധികൃതർ അറിയിച്ചു. ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററിൽ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നതെന്നും ഡോക്ടർമാർ അവകാശപ്പെട്ടു. മിംസിൽ ചികിത്സയിൽ കഴിഞ്ഞ രണ്ട് രോഗികളുടെയും ഇതുവരെയുള്ള ചികിത്സ ചെലവ് ആശുപത്രി ഏറ്റെടുത്തു.

മൂന്നാം തവണയും കോഴിക്കോടിനെ മുൾമുനയിൽ നിർത്തിയ നിപ ഭീതിയിൽ നിന്ന് ജില്ല മുക്തമാകുകയാണ്. കണ്ടെയിൻമെന്‍റ്റ് സോണുകളിലെ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സുഗമമായി പ്രവർത്തിക്കാൻ തുടങ്ങി. നി​പ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 216 പേ​രെ പ​ട്ടി​ക​യിൽ നിന്നും ഒഴിവാക്കി. ഇനി അറിയാനുള്ളത് രോഗത്തിൻ്റെ ഉറവിടത്തെ കുറിച്ചും അത് എങ്ങിനെ മനുഷ്യനിലേക്ക് എത്തി എന്നതുമാണ്. അനുബന്ധ പഠനങ്ങളും കർശനമായ നിരീക്ഷണങ്ങളും തുറന്നില്ലെങ്കിൽ ഭാവിയിലും ഈ വൈറസ് ഇനിയും മനുഷ്യജീവനുകൾ കവർന്നെടുക്കാൻ സാധ്യതയുണ്ട്.

Comments (0)
Add Comment