ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം ലോകായുക്ത വാദം 25ന് തുടരും

Jaihind Webdesk
Friday, February 11, 2022

ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ചത് സംബന്ധിച്ച ഫയലുകൾ ഇന്ന് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറൂൺ  ആർ റഷീദ് എന്നിവർക്ക്  മുമ്പാകെ സർക്കാർ അറ്റോണി ഹാജരാക്കി. മുൻപ് തുക അനുവദിച്ച സമാന ഫയലുകൾ കണ്ടെത്താനാവുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ചത് മന്ത്രിസഭാ തീരുമാനപ്രകാരമാ യതിനാൽ പ്രസ്തുത തീരുമാനം അന്വേഷിക്കാൻ ലോകയുക്തയ്ക്ക് അധികാരമില്ലെന്ന് സർക്കാർ അറ്റോർണി അഡ്വ:ടി.എ. ഷാജി കോടതിയെ അറിയിച്ചു എന്നാൽ മന്ത്രിസഭയെയല്ലാ, തീരുമാനം കൈകൊണ്ട മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് കേസിൽ എതിർ കളാക്കിയിട്ടുള്ളതെന്നും, അവർ പൊതുപ്രവർത്തകർ എന്ന നിലയിൽ ലോകായുക്തയുടെ പരിധിയിൽ വരുമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു.

ഹർജിക്കാരന്‍റെയും സർക്കാരിന്‍റെയും വാദങ്ങൾ സാധൂകരി ക്കുന്ന കോടതിയുടെ മുൻ ഉത്തരവുകൾ ഹാജരാക്കാൻ ലോകായുക്ത ഇരുകൂട്ടർക്കും നിർദ്ദേശം നൽകി.

ലോകായുക്ത നിയമഭേദഗതി നിലവിൽ വന്നുവെങ്കിലും ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പ്രകാരം തീരുമാനമെടുക്കാനുള്ള അധികാരം ലോകായുക്തയിൽ തുടർന്നും നിക്ഷിപ്തമാ ണെന്നും, ദുരിതാശ്വാസ നിധിയിൽ നിന്ന് യാതൊരു മാനദണ്ഡങ്ങളും കൂടാതെ ആനുകൂല്യങ്ങൾ അനുവദിക്കുന്നത് സർക്കാരുകൾ തുടർന്നാൽ എന്താകും അവസ്ഥയെന്നും വാദത്തിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

ഫെബ്രുവരി 25 ന് കേസിൽ തുടർവാദം കേൾക്കും.