സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ കരാര്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്. വിവിധ ഇൻഷുറൻസ് പദ്ധതികളിൽ കോടികളുടെ കുടിശിക വരുത്തിയ കമ്പനിക്കാണ്പുതിയ ഇൻഷുറൻസ് പദ്ധതിയുടെയും ടെണ്ടർ നല്‍കിയതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ചികിത്സാ സഹായ പദ്ധതികളും കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ജന്‍ ആരോഗ്യ യോജനയും സംയോജിപ്പിച്ച് നടക്കാക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കരാറാണ് റിലയന്‍സിന് ലഭിച്ചത്. മുന്‍പുണ്ടായിരുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജനയ്ക്ക് പകരമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
കോർപറേറ്റുകൾക്ക് കുടപിടിക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പ് ചുമതല റിലയൻസ് ജനറൽ ഇൻഷുറൻസിന് നൽകികൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ നടപടി. 1671 രൂപ വാര്‍ഷിക പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപ കവറേജുള്ള ആരോഗ്യ ഇൻഷുറൻസിന്റെ ചുമതലയാണ് കമ്പനി ഏറ്റെടുക്കുന്നത്.നിലവിലെ ചിസ്, ആര്.എസ്.ബി.വൈ പദ്ധതിയില്‍ അംഗങ്ങളായ സംസ്ഥാനത്തെ 40.96 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കും. തെരഞ്ഞെടുത്ത സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് സൗജന്യ ചികിത്സയും ഇവര്‍ക്ക് ലഭ്യമാകും. പ്രതിവർഷം പ്രീമിയം ഇനത്തിൽ 690 കോടിയോളം രൂപയാണ് റിലയന്‍സിന് ലഭിക്കുന്നത്.
ചിസ്, ആർ.എസ്.ബി.വൈ അടക്കമുളള ഇൻഷുറൻസ് പദ്ധതികളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന റിലയന്‍സ് കൃത്യസമയത്ത് പണം നൽകാതെ 61 കോടി രൂപ കുടിശിക വരുത്തിയിരുന്നു. ഇതോടെ ആശുപത്രികൾക്ക് അർബുദ ചികിൽസക്കുളള ജീവൻരക്ഷാ മരുന്നുകളും ഹൃദയ ശസ്ത്രക്രിയക്കുളള സ്റ്റെന്റ്, ഇംപ്ലാന്റുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന കമ്പനികൾക്കും പണം നൽകാന് കഴിയാതെ വന്നിരുന്നു. മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനവും താളം തെറ്റിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതേ കമ്പനിക്ക് തന്നെ സംസ്ഥാനത്തിന്റെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നല്കുന്നതിലാണ് ആശങ്ക ഉയരുന്നത്.
നിലവിലുള്ള കോടികളുടെ കുടിശികയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരവെ പുതിയ പദ്ധതിയുടെ നടത്തിപ്പ് എങ്ങനെയാകുമെന്നതില്‍ ആശുപത്രികൾക്ക് ആശങ്കയുണ്ട്. അതേ സമയം ടെണ്ടറിൽ പങ്കെടുത്തെ കമ്പനികളിൽ ഏറ്റവും കുറഞ്ഞ പ്രീമിയം തുക ക്വോട്ട് ചെയ്തത്റിലയൻസ് ആയിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന വിശദീകരണം. പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻകിട കോർപറേറ്റുകളിൽ നിന്നും പണം സമാഹരിക്കാമെന്ന ഉദ്ദേശമാണ് ഇതിന് പിന്നിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.